'ദുബൈ 2040' അർബൻ മാസ്റ്റർ പ്ലാൻ പുറത്തിറക്കി: ദേ... ദുബൈ വീണ്ടും കുതിപ്പിലേക്ക്
text_fieldsദുബൈ: ആഗോളതലത്തിൽ 126ൽപരം രാജ്യങ്ങളിലെ പൗരന്മാർ അതീവ സംതൃപ്തിയോടെ അധിവസിക്കുന്ന ദുബൈ നഗരം വൻവികസന കുതിപ്പിനൊരുങ്ങുന്നു. 20 വർഷങ്ങൾക്ക് ശേഷമുള്ള ദുബൈ എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വികസനരേഖ അവതരിപ്പിക്കുന്ന ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറത്തിറക്കി.
പരിസ്ഥിതിയെ പ്രകൃതിക്കും സമ്പത്തിനും കണ്ണിലെ കൃഷ്ണമണിയെന്ന പോലെ കരുതലൊരുക്കുന്ന മാസ്റ്റർ പ്ലാൻ, ഭാവിയിലെ ജനസംഖ്യ വർധനവിനെയും വ്യാവസായിക വളർച്ചയെയും ഉൾക്കൊള്ളുന്ന തരത്തിൽ ബൃഹത്തായ ആസൂത്രണത്തോടെയാണ് തയാറാക്കിയിരിക്കുന്നത്. നഗരവികസന പദ്ധതിക്കൊപ്പം എമിറേറ്റിലെ സുസ്ഥിര വികസനത്തിനും മെച്ചപ്പെടുത്തലിനും പിന്തുണ നൽകാനായി ഒരു നഗര ആസൂത്രണ നിയമവും പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിെല മേഖലകളെ ഗണ്യമായി വികസിപ്പിച്ച് കൂടുതൽ വിസ്തൃതിയോടെ നിലനിർത്തുന്നതോടൊപ്പം എല്ലാ രംഗത്തും വിവരിക്കാനാവാത്ത തരത്തിലുള്ള വികസനമാണ് മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നത്. പ്രകൃതിയെയും പച്ചപ്പിനെയും നിലനിർത്തിയുള്ള സമഗ്രവികസനമാണ് ലക്ഷ്യമെന്നതിനാൽ ദുബൈ എമിറേറ്റിലെ 60 ശതമാനവും പ്രകൃതി സംരക്ഷണമേഖലകളാക്കി മാറ്റും. സാമ്പത്തിക, വിനോദ, വിജ്ഞാന, ടൂറിസം മേഖലകളുടെ ശേഷി പങ്കാളിത്തവും വർധിപ്പിക്കാനായി ദുബൈയിലെ അഞ്ച് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നഗര കേന്ദ്രങ്ങൾ നിർമിക്കും. വിനോദസഞ്ചാരികളെയും താമസക്കാരെയും ആകർഷിക്കാനായി പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തിയ ടൂറിസം രംഗത്ത് വൻവികസനത്തിനാണ് മാസ്റ്റർ പ്ലാനിൽ പദ്ധതികൾ നിർദേശിച്ചത്.
20 വർഷത്തിനുള്ളിൽ 5.8 ദശലക്ഷം പേർ താമസിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദുബൈ നഗരത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമായി മാറ്റുകയാണ് ലക്ഷ്യമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
2040 ഓടെ എമിറേറ്റിെൻറ നഗര ഭൂപ്രകൃതി മാറ്റുന്നതിനും സാമൂഹ്യ, സാമ്പത്തിക, വിനോദ മേഖലകൾ, പ്രകൃതിസംരക്ഷണം എന്നിവ വർധിപ്പിക്കുന്നതിനും ഉതകുന്ന മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക, വിനോദ പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ ഒന്നര ഇരട്ടി വർധിക്കും. അടുത്ത 20 വർഷത്തിനുള്ളിൽ ദുബൈയിലെ ബീച്ചുകളുടെ ദൈർഘ്യം 400 ശതമാനം വർധിക്കും -ശൈഖ് മുഹമ്മദ് ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
നഗരത്തിലെ വിശാലമായ ഹരിത പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഇൗ പദ്ധതികൾ. അതുകൊണ്ടുതന്നെ ദുബൈയുടെ 60 ശതമാനം പ്രകൃതി സംരക്ഷണത്തിനായി നീക്കിെവച്ചിരിക്കുന്നു -അദ്ദേഹം വ്യക്തമാക്കി. അടുത്ത 20 വർഷത്തിനുള്ളിൽ നഗരജീവിതം ആസൂത്രണം ചെയ്യുകയാണ് പുതിയ ദുബൈ നഗരപദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ജനങ്ങൾക്ക് ഏറ്റവും മികച്ച ജീവിതനിലവാരം പ്രദാനം ചെയ്യും. രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ എല്ലാവരേയും സഹായിക്കണേ എന്നാണ് ദൈവത്തോട് പ്രാർഥിക്കുന്നത് -അദ്ദേഹം പറഞ്ഞു.
യു.എ.ഇ ഏകീകരണത്തിന് 12 വർഷം മുമ്പ് 1960ന് ശേഷം എമിറേറ്റിലേക്ക് കൊണ്ടുവരുന്ന ഏഴാമത്തെ നഗര പദ്ധതിയാണ് ദുബൈ 2040. ഇതിനിടെ നഗരത്തിലെ ജനസംഖ്യ 80 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്. എമിറേറ്റിലെ നഗര-വികസിത പ്രദേശങ്ങൾ 3.2 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 1,490 ചതുരശ്ര കിലോമീറ്ററായി 170 മടങ്ങ് വർധിച്ചു. രാജ്യത്തിെൻറ കിഴക്കൻ ഭാഗത്തുള്ള ദുബൈ പ്രദേശമായ ഹത്തയും ജലവൈദ്യുതി നിലയത്തിനുള്ള പദ്ധതികളും മേഖലയിലെ ജി.ഡി.പിയിൽ 32 ശതമാനം വർധന രേഖപ്പെടുത്തുന്ന ടൂറിസം, കാർഷിക മേഖലകളും മാസ്റ്റർ പ്ലാനിൽ മികച്ച സ്ഥാനങ്ങളിൽ തന്നെ ഇടംപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ പദ്ധതി ഭാഗികമായി പ്രഖ്യാപിച്ച പദ്ധതിയുടെ വികസിത രൂപമാണ് ദുബൈ 2040 മാസ്റ്റർ പ്ലാൻ. 2.5 ബില്യൺ ദിർഹത്തിൽ കൂടുതൽ ചെലവിൽ ഒരു ഡസൻ പുതിയ ബീച്ചുകളും എട്ട് ദശലക്ഷം ചതുരശ്ര മീറ്റർ ഹരിത ഇടങ്ങളും ദുബൈയിൽ സൃഷ്ടിക്കുമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കിയിരുന്നു.
29 പ്രോജക്ടുകളിൽ നീന്തലിന് കൂടുതൽ ഇടങ്ങൾ, റണ്ണിങ് ട്രാക്കുകൾ, ദൈർഘ്യമേറിയ സൈക്ലിങ് പാതകൾ എന്നിവ ഉൾപ്പെടുന്നു.നഗരവാസികളിൽ ഫിറ്റ്നസ് സംസ്കാരവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാനുള്ള മൊത്തത്തിലുള്ള പദ്ധതിയുടെ ഭാഗമായി ജല പ്രവർത്തനങ്ങൾ, ജോഗിങ്, സൈക്ലിങ് ട്രാക്കുകൾ എന്നിവക്കായി സമർപ്പിത പ്രദേശങ്ങളുമൊരുക്കും.
അഞ്ച് നഗരകേന്ദ്രങ്ങളെ അറിയാം
ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ പ്രകാരം ദുബൈയിലെ അഞ്ച് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക നഗര കേന്ദ്രങ്ങൾ നിർമിക്കും. നഗരത്തിലെ പ്രധാന ആകർഷണങ്ങൾ പ്രത്യേക മേഖലകളിലേക്ക് കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണിത്. പഴയ ദുബൈ എന്ന് അറിയപ്പെടുന്നതും പൈതൃകങ്ങളുടെ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്നതുമായ ദേര-ബർദുബൈ നഗരങ്ങളെ സംയോജിപ്പിച്ച് ദുബൈയിലെ ഹെറിറ്റേജ് സിറ്റിയായി പ്രഖ്യാപിച്ചു.
ആഗോള വ്യാപാര-സാമ്പത്തിക വ്യവഹാരങ്ങളുടെ കേന്ദ്രമായി ഡൗൺ ടൗൺ-ബിസിനസ് ബേ മാറും. ലോകത്തെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും താമസക്കാർക്കുൾപ്പെടെ വിനോദങ്ങളിലേർപെടുന്നതിനും ബഹുമുഖ പദ്ധതികളാവിഷ്കരിക്കുന്ന ദുബൈയിലെ ടൂറിസം തലസ്ഥാനമായി ദുബൈ മറീന-ജെ.ബി.ആർ കേന്ദ്രമൊരുങ്ങും. ലോകത്തെ വിസ്മയിപ്പിക്കാൻ ദുബൈ അണിയിച്ചൊരുക്കുന്ന ദുബൈ എക്സ്പോ 2020 നഗരി ആഗോള പ്രദർശനങ്ങളുടെയും ഇവൻറുകളുടെയും കേന്ദ്രമായി മാറും. ആധുനിക വിദ്യാഭ്യാസത്തിെൻറയും വിജ്ഞാന നവീകരണത്തിെൻറയും മുഖ്യകേന്ദ്രമായി ദുബൈ സിലിക്കൺ ഒയാസിസ് മാറും.
വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ 25 ശതമാനം വർധിപ്പിച്ച് വൻവികസനത്തിന് കളമൊരുക്കും. ഹോട്ടലുകൾ, ടൂറിസം മേഖലകളിൽ 134 ശതമാനവും വികസനമെത്തിച്ചാണ് വലിയൊരു വിപ്ലവത്തിന് ദുബൈ തയാറെടുക്കുന്നത്. ദുബൈ സിലിക്കൺ ഒയാസിസിന് സമീപപ്രദേശത്ത് പുതിയൊരു വിമാനത്താവളത്തിന് സ്ഥലം അനുവദിച്ചതായും മാസ്റ്റർ പ്ലാനിലെ ചിത്രങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.