ദുബൈയിൽ വാഹനാപകടം: മലയാളി വിദ്യാർഥികൾ മരിച്ചു
text_fieldsദുബൈ: ഒരുമിച്ചു കളിച്ചു വളർന്ന ചങ്ങാതിമാർ അവസാന യാത്രയിലും ഒന്നിച്ചു. യു.എ.ഇയിലെ പ്രവാസി സമൂഹത്തെ ഒന്നാകെ ദു:ഖത്തിലാഴ്ത്തി ക്രിസ്മസ് പുലരിയിലാണ് ദുബൈയിൽ വാഹനാപകടമുണ്ടായത്. അപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാർ നമ്പ്യാർ (21), പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് മരിച്ചത്.
ഡൽഹി പ്രൈവറ്റ് സ്കൂളിൽ 10ാം ക്ലാസ് വരെ പഠിച്ച ഇരുവരും ഉന്നത പഠനത്തിനായി വിദേശത്തായിരുന്നു. ശരത് അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ ചേർന്നപ്പോൾ രോഹിത് യു.കെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലാണ് ബിരുദപഠനത്തിന് പോയത്. അവധിക്കാലം പ്രമാണിച്ച് ദുബൈയിൽ എത്തിയ ഇവർ കൂട്ടുകാർക്കൊപ്പം അത്താഴം കഴിച്ച് മടങ്ങവെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ ജബൽ അലിക്കടുത്തായിരുന്നു അപകടം. വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മകൻ കൂട്ടുകാരെൻറ വീട്ടിൽ ഉറങ്ങുന്നുണ്ടാകുമെന്ന് കരുതി രക്ഷിതാക്കൾ കാത്തിരിക്കെയാണ് ഇരുവരും അന്ത്യനിദ്ര പുൽകിയെന്ന വാർത്തയെത്തിയത്.
അനന്ത് കുമാർ, രാജി ദമ്പതികളുടെ ഏക മകനാണ് കണ്ണൻ എന്ന വിളിപ്പേരുള്ള ശരത്ത്. പഠനത്തിലും സംഗീതത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്നു രോഹിത്. മികച്ച സ്കൂൾ പ്രതിഭകൾക്കുള്ള ശൈഖ് ഹംദാൻ ബിൻ റാഷിദ് ആൽ മക്തും അവാർഡ് ജേതാവുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.