മികവിൽ തിളങ്ങി ദുബൈ വിമാനത്താവളം
text_fieldsദുബൈ: ലോകത്തെ ഏറ്റവും മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്ത്. ട്രാവൽ ആൻഡ് ലിഷർ മാഗസിൻ ഒന്നേമുക്കാൽ ലക്ഷത്തോളം വായനക്കാരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ മികച്ച പത്ത് വിമാനത്താവളങ്ങളുടെ പട്ടിക തയാറാക്കായിരിക്കുന്നത്. എയർപോർട്ട് ആക്സസ്, ചെക്ക് ഇൻ സൗകര്യം, സുരക്ഷ, റെസ്റ്റോറൻറ്, ഷോപ്പിങ് സൗകര്യം, രൂപകൽപന എന്നിവയാണ് വിമാനത്താവളങ്ങളുടെ മികവിന് മാനദണ്ഡം.
പട്ടികയിൽ സിംഗപ്പൂരിലെ ചങ്കി വിമാനത്താവളമാണ് ഒന്നാം സ്ഥാനം നേടിയത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനം നേടി. ഇന്ത്യയിലെ മുംബൈ ഛത്രപതി ശിവജി എയർപോർട്ട് പട്ടികയിൽ നാലാമതായി ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിൽ എട്ടാം സ്ഥാനത്താണ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ, തുർക്കിയിലെ ഇസ്തംബുൾ, സ്വിറ്റ്സർലന്റിലെ സൂറിച്ച്, ജപ്പാനിലെ നരിത വിമാനത്താവളങ്ങളാണ് പട്ടികയിലുള്ള മറ്റ് വിമാനത്താവളങ്ങൾ.
മേയ് മാസത്തിൽ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി വീണ്ടും ദുബൈ വിമാനത്താവളത്തിന് ലഭിച്ചിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ 2.12കോടി യാത്രക്കാരെ സ്വീകരിച്ചാണ് നേട്ടം കൊയ്തത്. ആദ്യ പാദത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചതോടെ ഈ വർഷം പ്രവചിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം 8.3കോടിയായി ഉയർന്നിരുന്നു. നേരത്തെ 7.8കോടി യാത്രക്കാരെയാണ് പ്രവചിച്ചിരുന്നത്. 2022ൽ ആകെ 6.6കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിൽ എത്തിയത്. വിനോദ സഞ്ചാരികളുടെയും ബിസിനസ് യാത്രികരുടെയും എണ്ണത്തിൽ വർധനവുണ്ടായതാണ് നേട്ടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്ത്യൻ യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നത്. 30ലക്ഷം യാത്രക്കാരാണ് ഇന്ത്യിലേക്കും തിരിച്ചും ഏപ്രിൽ വരെയുള്ള നാലുമാസ കാലയളവിൽ യാത്ര ചെയ്തത്. സൗദി അറേബ്യയിലേക്ക് 16ലക്ഷവും, യു.കെയിലേക്ക് 14ലക്ഷവും പാകിസ്ഥാനിലേക്ക് 10ലക്ഷവും യാത്രക്കാർ സഞ്ചരിച്ചു. ഏറ്റവും കൂടുതൽ യാത്രക്കാർ ദുബൈയിൽ നിന്നും തിരിച്ചും സഞ്ചരിച്ച നഗരം ലണ്ടനാണ്.
കോവിഡ് പടർന്നു പിടിക്കുന്നതിന് മുമ്പുള്ള 2020 ജനുവരിക്ക് ശേഷം ഏറ്റവും ഉയർന്ന പ്രതിമാസ യാത്രികരുണ്ടായ മാസം ഈ വർഷം മാർച്ചിലാണ്. 73ലക്ഷം യാത്രക്കാരാണ് മാർച്ചിൽ ദുബൈ വഴി സഞ്ചരിച്ചത്. ചൈനയിലേക്ക് യാത്ര നിയന്ത്രണങ്ങൾ എളുപ്പമാക്കിയത്, ആഘോഷങ്ങളുമായി ബന്ധപ്പെട്ട അവധിദിനങ്ങൾ എന്നിവ കാരണമായാണ് കൂടുതൽ യാത്രക്കാരെത്തിയത്. ആദ്യ മൂന്ന് മാസങ്ങളിൽ ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 2.1കോടിയാണ്. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 55.8 ശതമാനം വർധനവാണിതിൽ രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.