ദുബൈ വിമാനത്താവളം സാധാരണ നിലയിൽ
text_fieldsദുബൈ: 75 വർഷത്തിനിടെ രാജ്യം ദർശിച്ച ഏറ്റവും വലിയ മഴയിൽ താളംതെറ്റിയ പ്രവർത്തനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ച് ദുബൈ വിമാനത്താവളം. ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ വന്നിറങ്ങുന്ന വിമാനത്താവളം പൂർവസ്ഥിതിയിലായെന്ന് ചൊവ്വാഴ്ചയാണ് അധികൃതർ വ്യക്തമാക്കിയത്. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളെല്ലാം പൂർവ സ്ഥിതിയിലായെന്നും ഓരോ ദിവസവും 1,400 വിമാന സർവിസുകൾ നടത്താൻ സാധിക്കുന്ന രൂപത്തിൽ സേവനങ്ങൾ പുനരാരംഭിച്ചതായും ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത് അറിയിച്ചു.
പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലാക്കുന്നത് ചെറിയ കാര്യമായിരുന്നില്ലെന്നും ആകെ 2,155 വിമാനങ്ങൾ റദ്ദാക്കുകയും 115 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, വിമാനത്താവളത്തിൽ അനാവശ്യമായ തിരക്ക് ഒഴിവാക്കുന്നതിന് യാത്രക്കാർ മൂന്നു മണിക്കൂർ മുമ്പ് മാത്രം എത്തിച്ചേർന്നാൽ മതിയെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ വെള്ളം കയറിയ വിമാനത്താവളത്തിന് അകത്തും പുറത്തുമുള്ള എല്ലാ റോഡുകളിലെയും വെള്ളക്കെട്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. ജീവനക്കാരും മറ്റു സംവിധാനങ്ങളുമെല്ലാം സാധാരണ നിലയിലായിത്തീർന്നു. വിവിധ എയർലൈൻ കമ്പനികളുമായും സേവന ദാതാക്കളുമായും സഹകരിച്ചാണ് അതിവേഗം പൂർവസ്ഥിതി കൈവരിച്ചിരിക്കുന്നത്.
ദുബൈ വിമാനത്താവള ജീവനക്കാർ, എയർലൈൻ പങ്കാളികൾ, സർക്കാർ ഏജൻസികൾ, വാണിജ്യ പങ്കാളികൾ, സേവന പങ്കാളികൾ എന്നിവരുടെ അർപ്പണബോധത്തെ സി.ഇ.ഒ പ്രത്യേകം പ്രസ്താവനയിൽ പരാമർശിച്ചു.
ഇതിനകം നേരിടേണ്ടി വന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രതികൂല കാലാവസ്ഥയായിരുന്നു പിന്നിട്ടതെന്നും ജീവനക്കാരും പങ്കാളികളും പ്രവർത്തനം നിലനിർത്തുന്നതിനും അതിഥികളെ സഹായിക്കുന്നതിനും കഠിനമായി പരിശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യാത്രക്കാർക്ക് ബാഗേജുകൾ നൽകാനുള്ളതടക്കം ചില വെല്ലുവിളികൾ ബാക്കിയുണ്ടെന്നും ഇതിനായി സേവനദാതാക്കളുമായി ചേർന്ന് പ്രവർത്തിച്ചുവരുകയാണെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.