മഹാമാരിക്കാലത്തെ മികവിന് ദുബൈ വിമാനത്താവളത്തിന് പുരസ്കാരം
text_fieldsദുബൈ: കോവിഡ് മഹാമാരിയുടെ കാലത്ത് മികച്ച രീതിയിൽ ജോലിസ്ഥലം രൂപകൽപന ചെയ്തതിന് ദുബൈ വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്കാരം. മികച്ച തൊഴിൽദാതാക്കൾക്കുള്ള ഏഴാമത് സ്റ്റീവി അവാർഡുകളിൽ നൂതന ജോലിസ്ഥല പുനർരൂപകൽപനക്കുള്ള അവാർഡാണ് ലഭിച്ചത്. ജീവനക്കാർ, ഉപഭോക്താക്കൾ, അതിഥികൾ എന്നിവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളാണ് അവാർഡിന് പരിഗണിച്ചത്.
പി.സി.ആർ പരിശോധനക്കും വാക്സിനേഷനുമുള്ള സൗകര്യം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി എയർപോർട്ട് അധികൃതർ ഒരുക്കിയിരുന്നു. സുപ്രധാന സാങ്കേതിക സംവിധാനങ്ങളുടെ മാറ്റങ്ങളും ചുരുങ്ങിയ കാലയളവിൽ നടപ്പാക്കി. ജീവനക്കാർക്ക് എവിടെ നിന്നും ജോലിയിൽ പ്രവേശിക്കാൻ കഴിയുന്ന വിദൂരജോലിക്കു വേണ്ടിയാണ് സാങ്കേതിക മാറ്റങ്ങൾ നടപ്പാക്കിയത്. എല്ലാ ജീവനക്കാർക്കും സുരക്ഷിതത്വവും ജോലിയുടെ കാര്യക്ഷമതയും ഇത് ഉറപ്പാക്കി. ഇതെല്ലാം പരിഗണിച്ചാണ് വിമാനത്താവളത്തിന് അവാർഡ് ലഭിച്ചത്.
ജനങ്ങളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും സന്തുലിതമായി നിലനിർത്തി മഹാമാരിയെ നേരിടാൻ സാധിച്ചതിലൂടെ യു.എ.ഇയും ദുബൈയും ആഗോളതലത്തിൽ മാതൃകയായെന്ന് ദുബൈ വിമാനത്താവളം സി.ഒ.ഒ മാജിദ് അൽ ജോഹർ പറഞ്ഞു. ഉപഭോക്താക്കൾക്ക് സുരക്ഷയുടെ കാര്യത്തിൽ ഉറപ്പുനൽകാനും ആത്മവിശ്വാസം പകരാനും സാധിച്ചതാണ് നേട്ടത്തിനും മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ഏറ്റവും വേഗത്തിൽ മോചിതരാകാനും സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.