ദുബൈ വിമാനത്താവളങ്ങളിൽ മേൽക്കൂര സൗരോർജ പദ്ധതി
text_fieldsദുബൈ: എമിറേറ്റിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് മുകളിൽ ലോകത്തെ ഏറ്റവും വലിയ മേൽക്കൂര സൗരോർജ പാനൽ സ്ഥാപിക്കാൻ പദ്ധതി. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ) അനുബന്ധ സ്ഥാപനമായ ഇത്തിഹാദ് ക്ലീൻ എനർജി ഡെവലപ്മെന്റ് കമ്പനിയും ദുബൈ വിമാനത്താവള അതോറിറ്റിയും കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.
വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വേൾഡ് ഗ്രീൻ ഇക്കണോമി സമ്മിറ്റിൽ ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫ്തും ഇത്തിഹാദ് ഇ.എസ്.സി.ഒ ഡോ. വലീദ് ആൽ നുഐമിയും ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെയും ദീവ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായറിന്റെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെക്കൽ.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ മേൽക്കൂരയിൽ 62,904 സോളാർ പാനലുകളാണ് സ്ഥാപിക്കുക.
ഇതുവഴി പ്രതിവർഷം 60,346 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. മൊത്തം 39 മെഗാവാട്ട് പവർ പീക്ക് (എം.ഡബ്ല്യു.പി) ശുദ്ധ ഊർജം ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി 2026ഓടെ പൂർണമായും പ്രവർത്തനക്ഷമമാകും.
എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ പൂർണമായും കാർബൺ മുക്തമാക്കുന്നതിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റമായിരിക്കും ഇത്. പദ്ധതി നടപ്പാക്കുന്നതിലൂടെ രണ്ട് എയർപോർട്ടുകളിലുമായി പ്രതിവർഷം പുറന്തള്ളുന്ന 23,000 ടൺ കാർബൺ ഡൈ ഓക്സൈഡിനെ ഇല്ലാതാക്കാനാവും.
സോളാർ പാനൽ ഘടിപ്പിക്കുന്നതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 6.5 ശതമാനവും ആൽ മക്തൂം എയർപോർട്ടിന്റെ 20 ശതമാനവും വൈദ്യുതി ആവശ്യം നിറവേറ്റാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.