ദുബൈ എയർഷോ: രണ്ടാം ദിനത്തിലും വമ്പൻ കരാറുകൾ
text_fieldsദുബൈ: മേഖലയിലെ വ്യോമയാന രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ദുബൈ എയർഷോയിൽ രണ്ടാം ദിനത്തിലും നിരവധി കരാറുകൾ. ലോകത്തെ വിവിധ വിമാനക്കമ്പനികളും വ്യോമയാന രംഗത്തെ വ്യത്യസ്ത ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന സ്ഥാപനങ്ങളുമാണ് മേളയിൽ പങ്കെടുക്കുന്നത്. എമിറേറ്റ്സ് എയർലൈൻ ചൊവ്വാഴ്ച സഫ്റാൻ സീറ്റ്സുമായി 12 ലക്ഷം ഡോളറിന്റെ കരാറിലെത്തി. എമിറേറ്റ്സിന്റെ പുതിയ വിമാനങ്ങൾക്ക് ഏറ്റവും പുതിയ സംവിധാനങ്ങളോടെ സീറ്റുകൾ നൽകുന്നതിനാണ് കരാർ. ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസുകളിൽ മികച്ചയിനം സീറ്റുകളാണ് കരാറിന്റെ അടിസ്ഥാനത്തിൽ ലഭ്യമാക്കുക. ദുബൈ ആസ്ഥാനമായ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ എൻജിൻ നിർമാണക്കമ്പനിയായ സി.എം.എഫുമായി സേവന കരാറിന് ഒപ്പുവെക്കുകയും ചെയ്തു. അടുത്ത വർഷങ്ങളിൽ 130 പുതിയ വിമാനങ്ങൾ പുതുതായി വാങ്ങുന്ന ഫ്ലൈ ദുബൈയുടെ എൻജിൻ സേവനങ്ങൾ മുഴുവൻ നൽകുന്നത് കമ്പനിയായിരിക്കും.
വിദേശ വിമാനക്കമ്പനികളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കാൻ എയർഷോ വേദിയെ ഉപയോഗിക്കുന്നുണ്ട്. ചൊവ്വാഴ്ച ഈജിപ്ത് എയർ 10 എ350 വിമാനങ്ങൾ വാങ്ങുന്നത് പ്രഖ്യാപിച്ചു. നിലവിൽ 91 വിമാനങ്ങളുള്ള കമ്പനി അടുത്ത വർഷങ്ങളിൽ ആകെ വിമാനങ്ങളുടെ എണ്ണം 125ലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട് ഇതിന്റെ ഭാഗമായാണ് പുതിയ കരാറിൽ എത്തിയത്. ഏഴ് 737-8 വിമാനങ്ങൾ വാങ്ങുന്നതിന് കസാഖ്സ്താൻ എയർലൈനും ബോയിങ്ങുമായി കരാറിലെത്തിയിട്ടുണ്ട്. യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുതിയ റൂട്ടുകൾ തുറക്കാൻ എയർലൈൻ ലക്ഷ്യമിട്ടാണ് പുതിയ വിമാനങ്ങൾ വാങ്ങിയത്. ഒമാൻ എയർ ആദ്യത്തെ പ്രത്യേക കാർഗോ വിമാനം വാങ്ങുന്നതിനും ധാരണയിലെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച എമിറേറ്റ്സ് 95 പുതിയ വിമാനങ്ങൾ കൂടി വാങ്ങുന്നതിന് കരാറിൽ ഒപ്പിട്ടിരുന്നു. ഇതിനായി 19,100 കോടി ദിർഹമിന്റെ കരാറിൽ ബോയിങ്ങുമായാണ് ഒപ്പുവെച്ചത്. ദുബൈ എയർ ഷോയുടെ 18ാമത് എഡിഷന് ദുബൈ വേൾഡ് സെൻട്രലിൽ തിങ്കളാഴ്ചയാണ് തുടക്കമായത്. വെള്ളിയാഴ്ച വരെ നടക്കുന്ന പ്രദർശനത്തിൽ 148 രാജ്യങ്ങളിൽനിന്നായി വ്യാമയാന രംഗത്തെ 14,00 പ്രദർശകരാണ് പങ്കെടുക്കുന്നത്. വ്യോമയാന രംഗത്തെ 300 പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രദർശനത്തിന്റെ ഭാഗമായി സംസാരിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.