‘കരച്ചിൽകേട്ട് മുകളിലേക്കോടി, പിന്നെ മടങ്ങിവന്നില്ല’
text_fieldsദുബൈ: ദേരയിലെ തീപിടിത്തത്തിൽ തമിഴ്നാട് സ്വദേശികളായ ഗുഡു സാലിയകുണ്ടുവിന്റെയും ഇമാം കാസിമിന്റെയും മരണം ഉൾക്കൊള്ളാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. റമദാൻ നോമ്പുകാരായിരിക്കെ ഇരുവരും ദുരന്തത്തിൽ അകപ്പെട്ടത് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നതിനിടെയായിരുന്നു. നാലാം നിലയിൽ നിന്ന് വലിയ ശബ്ദവും പൊട്ടിത്തെറിയും കേട്ടാണ് കെട്ടിടത്തിന്റെ സുരക്ഷ ജീവനക്കാരൻ കൂടിയായ സാലിയ കുണ്ടു മുകളിലേക്ക് ഓടിക്കയറിയത്.
തീപിടിത്തമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉടൻ താഴെയെത്തി അഗ്നിശമന ഉപകരണങ്ങളുമായി വീണ്ടും തിരിച്ചുകയറുകയായിരുന്നു. കൂട്ടക്കരച്ചിലും കനത്ത പുകയും ഉയർന്നതോടെ പലരും മുകളിലേക്ക് പോകരുതെന്ന് പറഞ്ഞെങ്കിലും രക്ഷാപ്രവർത്തനത്തിന് അദ്ദേഹം സ്വയംസന്നദ്ധനായി മുന്നോട്ടുകുതിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് മുകളിലേക്ക് കയറിയ മറ്റു പലരും കനത്ത പുക കാരണം തിരിച്ചിറങ്ങിയപ്പോൾ സാലിയകുണ്ടുവും ഇമാം കാസിമും മടങ്ങിയില്ല. എന്നാൽ, ഇത് ഇരുവരുടെയും ജീവൻ കവരുകയായിരുന്നെന്ന് സമീപവാസികളും സുഹൃത്തുക്കളും പറയുന്നു.
മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണ് സഹോദരൻ അപകടത്തിൽ പെടാൻ കാരണമായതെന്ന് ദേരയിൽ തന്നെ തയ്യൽജോലിക്കാരനായ സാലിയ കുണ്ടുവിന്റെ ജ്യേഷ്ഠൻ സാലിങ്ക ഗുഡു പറഞ്ഞു. സഹോദരൻ ജോലി ചെയ്യുന്ന കെട്ടിടത്തിൽനിന്ന് ശബ്ദം കേട്ടാണ് ഇദ്ദേഹം ഓടിച്ചെന്നത്. തീപിടിത്തമാണെന്ന് മനസ്സിലായതോടെ സുരക്ഷ ജീവനക്കാരനായ അനുജനെയാണ് ആദ്യം തിരഞ്ഞത്.
എന്നാൽ, കൂടിനിന്നവരോട് അന്വേഷിച്ചപ്പോൾ താമസക്കാരെ രക്ഷപ്പെടുത്താൻ മുകളിലേക്ക് പോയതായ മറുപടിയാണ് ലഭിച്ചത്. താമസിയാതെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടും സഹോദരൻ തിരിച്ചെത്തിയില്ല. പിന്നീട് പരിശോധിച്ചപ്പോഴാണ് മരിച്ചവരുടെ കൂട്ടത്തിൽ സഹോദരനെ കണ്ടെത്തിയതെന്നും ഇദ്ദേഹം വിവരിച്ചു. സാലിയകുണ്ടുവിന്റെ മറ്റു സഹോദരങ്ങളും നാട്ടുകാരുമെല്ലാം ദുബൈയിൽ തന്നെ ജോലി ചെയ്യുന്നവരായുണ്ട്.
ദുബൈയിൽ പെയിന്റിങ് ജോലി ചെയ്യുന്ന ഇമാം കാസിം അപകടം നടക്കുമ്പോൾ കെട്ടിടത്തിന്റെ താഴെ നിലയിലായിരുന്നു. ശബ്ദം കേട്ട് മറ്റുള്ളവർക്കൊപ്പം രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.
എന്നാൽ, കനത്ത പുകയിൽ തിരിച്ചിറങ്ങാൻ കഴിയാതെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ബന്ധുക്കൾ തിരിച്ചറിഞ്ഞ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്. മരിച്ച ഇരുവരും തമിഴ്നാട്ടിലെ കിഴക്കൻ കാർഷിക പ്രദേശമായ കള്ളക്കുറിച്ചിയിലെ രാമരാജപുരം ഗ്രാമവാസികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.