ദുബൈ ബോട്ട് ഷോ ഇന്നുമുതൽ
text_fieldsദുബൈ: ദുബൈയുടെ ജലപാതകളെ ഇളക്കിമറിക്കുന്ന ദുബൈ ഇന്റർനാഷനൽ ബോട്ട് ഷോ ബുധനാഴ്ച മുതൽ അഞ്ചുവരെ നടക്കും. ദുബൈ ഹാർബറിൽ നടക്കുന്ന ബോട്ട് ഷോയിൽ 175 ജലയാനങ്ങൾ അണിനിരക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 30,000 സന്ദർശകരെത്തും. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് ഷോയിൽ ഒന്നാണിത്.
ലോകപ്രശസ്തമായ ബോട്ടുകളുടെ സംഗമമാണ് ഇവിടെ അരങ്ങേറുന്നത്. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാണ് ദുബൈ ഹാർബർ. ഇവിടെ 700 ബോട്ടുകൾക്കുള്ള ബെർത്തുണ്ട്. സൂപ്പർ യാനങ്ങൾക്ക് മാത്രമായുള്ള ആദ്യ തീരമാണിത്. പ്രശസ്ത സ്ഥാപനങ്ങളായ അസിമുത്, ഫെറാറ്റി, ഗൾഫ് ക്രാഫ്റ്റ്, പ്രിൻസസ്, സാൻ ലെറെൻസോ, സൺറീഫ്, സൺസീകർ ഗൾഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ജലയാനങ്ങൾ അണിനിരക്കും.
10 പുതിയ ബ്രാൻഡുകൾ ഇക്കുറിയുണ്ട്. അബെകിങ് ആൻഡ് റാസ്മുസെൻ, ബോട്ടിക്യൂ യാട്ട്, ഫിൻമാസ്റ്റർ, ഗ്രീൻലൈൻ യാട്ട്, നോർധൻ, സോ കാർബൺ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പുതിയ യാനങ്ങളുടെ ലോഞ്ചിങ്ങിനും ബോട്ട് ഷോ സാക്ഷ്യം വഹിക്കും. 50ഓളം ആഗോള സ്ഥാപനങ്ങളുടെ പുതിയ പ്രഖ്യാപനങ്ങളും നടക്കും. ആഡംബര യാനങ്ങളും ഇവിടെ കാണാം.
ലോകത്തിലെ സൂപ്പർ യാനങ്ങളുടെ ഉടമകളിൽ നല്ലൊരു ശതമാനവും മിഡിൽ ഈസ്റ്റിലാണ്. നിരവധി യാനങ്ങൾ അഞ്ച് ദിവസത്തിനിടെ നീറ്റിലിറക്കും. ചെറിയ മത്സ്യബന്ധന ബോട്ടുകളുമുണ്ടാകും. ജലഗതാഗത മേഖലയിലെ നൂതന ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും പ്രദർശനം കൂടിയായിരിക്കും ഇത്. കപ്പിത്താന്മാർ, കപ്പൽ ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും മികച്ച 10 നോട്ടിക്കൽ തലസ്ഥാനങ്ങളിൽ ഒന്നാണ് ദുബൈ. 15 മറീനകളിലായി 3000 ബോട്ടുകൾക്ക് ഇവിടെ ഇടമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.