കണ്ണുകൾ ഹാർബറിലേക്ക്; ദുബൈ ബോട്ട് ഷോ തുടങ്ങി
text_fieldsദുബൈ: ലോകത്തെ ഏറ്റവും വലിയ ബോട്ട് പ്രദർശന മേളകളിലൊന്നായ ദുബൈ ഇൻറർനാഷനൽ ബോട്ട് ഷോക്ക് പ്രൗഢ തുടക്കം. ദുബൈ മറീനയിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം കാണാൻ ആദ്യദിനം നൂറുക്കണക്കിന് പേരാണ് എത്തിയത്. 250 കോടി ദിർഹമിനേക്കാൾ കൂടുതൽ മൂല്യമുള്ള ജലയാനങ്ങളാണ് പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുള്ളത്. 175ലധികം യോട്ടുകളും മറ്റ് സമുദ്രഗാതാഗത സംവിധാനങ്ങളുടെയും ശേഖരം പ്രദർശനത്തിലുണ്ട്. സമുദ്ര ഗതാഗത മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതനാശയങ്ങളും സാങ്കേതിക മികവുകളും പങ്കുവെക്കുന്നതാണ് ഇത്തവണത്തെ മേളയുടെ തീം.
ദുബൈയുടെ നൂതനാശയങ്ങളോടുള്ള താൽപര്യത്തെ എക്കാലവും ബോട്ട് ഷോ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്ന് ദുബൈ വേൾഡ് ട്രേഡ് സെന്ററിന്റെ എക്സിബിഷൻസ് ഗ്രൂപ് ഡയറക്ടർ റിജു ജോർജ് പറഞ്ഞു. നാവിക മേഖലയെ മികച്ചതും സുരക്ഷിതവും കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമാക്കാൻ സാങ്കേതികവിദ്യക്ക് കഴിവുണ്ട്. ഇക്കാര്യത്തിൽ, ഈ വർഷത്തെ മേള വ്യവസായ പങ്കാളികൾക്കും സമുദ്ര സ്നേഹികൾക്കും ഒരുപോലെ പ്രചോദനമാകും -അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 30,000 സന്ദർശകർ മേളക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ ഹാർബറിലെ ബോട്ടുകൾക്കുള്ള പ്രത്യേക ബെർത്തിലാണ് പ്രദർശന യോട്ടുകളുള്ളത്. 10 പുതിയ ബ്രാൻഡുകൾ ഇക്കുറിയുണ്ട്. അബെകിങ് ആൻഡ് റാസ്മുസെൻ, ബോട്ടിക്യൂ യാട്ട്, ഫിൻമാസ്റ്റർ, ഗ്രീൻലൈൻ യാട്ട്, നോർധൻ, സോ കാർബൺ തുടങ്ങിയവ ഇതിൽ ഉൾപെടുന്നു.
പുതിയ യോട്ടുകളുടെ തുടക്കത്തിനും ബോട്ട് ഷോ സാക്ഷ്യം വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യോട്ട് ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരും മേളയിൽ പങ്കെടുക്കും. ദുബൈ റോഡ്, ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ കീഴിലെ സമുദ്രഗതാഗത വിഭാഗം ഇത്തവണയും മേളയിൽ പങ്കെടുക്കുന്നുണ്ട്. ആർ.ടി.എയുടെ വാട്ടർ ടാക്സികളും ശീതീകരിച്ച അബ്രകളും മേളയിലെ പ്രതിനിധികൾക്കും സന്ദർശകർക്കും യാത്രക്ക് സൗകര്യമൊരുക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.