ദുബൈ ബോട്ട് ഷോ സമാപിച്ചു
text_fieldsദുബൈ: ദുബൈ ഹാർബറിൽ അരങ്ങേറുന്ന ഇന്റർനാഷനൽ ബോട്ട് ഷോ സമാപിച്ചു. 250 കോടി ദിർഹമിലേറെ മൂല്യമുള്ള ബോട്ടുകൾ അണിനിരന്ന ഷോയിലേക്ക് 30,000ത്തിലേറെ സന്ദർശകരാണ് ഒഴുകിയെത്തിയത്. 175ലധികം യോട്ടുകളും സമുദ്രഗതാഗത സംവിധാനങ്ങളുമാണ് ഇക്കുറി ബോട്ട് ഷോയെ ധന്യമാക്കിയത്.
സമുദ്ര ഗതാഗത മേഖലയുടെ ഭാവി രൂപപ്പെടുത്തുന്ന നൂതനാശയങ്ങളും സാങ്കേതിക മികവുകളും പങ്കുവെക്കുന്നതായിരുന്നു മേളയുടെ പ്രമേയം. കായലിൽ നീന്തിത്തുടിക്കുന്ന ചെറുബോട്ടുകൾ മുതൽ നടുക്കടലിലേക്കൊഴുകുന്ന വമ്പൻ യാനങ്ങൾ വരെ അണിനിരന്നു.
ആഡംബര യാനങ്ങൾ നിരവധിയെത്തിയ ബോട്ട് ഷോയിൽ പുതിയ ബോട്ടുകൾ അരങ്ങേറ്റം കുറിച്ചു. 10 പുതിയ ബ്രാൻഡുകളും കാഴ്ചക്കാർക്കു മുന്നിലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യോട്ട് ഉടമകൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരും പങ്കെടുത്തു. മേളയിലെത്തുന്നവർക്ക് യാത്രാസൗകര്യമൊരുക്കി ആർ.ടി.എയുടെ വാട്ടർ ടാക്സികളും ശീതീകരിച്ച അബ്രകളും ഉണ്ടായിരുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബോട്ട് ഷോ സന്ദർശിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ പുതിയ കരാർ ഒപ്പുവെക്കലിനും ബോട്ട് ഷോ സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.