ദുബൈ എക്സ്പോ 2020: ആതിഥേയത്വം വഹിക്കാൻ നൂറു ശതമാനം തയാർ –ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ലോകം അക്ഷമയോടെ കാത്തിരിക്കുന്നതും വിസ്മയിപ്പിക്കാൻ അതിശയങ്ങളൊരുക്കി തയാറെടുപ്പുകൾ പൂർത്തിയാക്കിയതുമായ ദുബൈ എക്സ്പോ 2020 മെഗാ പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ നൂറു ശതമാനം യു.എ.ഇ സജ്ജമാണെന്ന് വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ഫെഡറൽ, പ്രാദേശിക അധികാരികളിൽനിന്നുള്ള 72 ടീമുകൾ സംയുക്ത തന്ത്രപ്രധാനമായ അഭ്യാസങ്ങൾ ഇതിനകം പൂർത്തിയാക്കി. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ നടക്കുന്ന ആദ്യത്തെ എക്സ്പോ 2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെ ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യും - ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭൂതികളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിന് പറഞ്ഞറിയിക്കാനാവാത്ത വൈവിധ്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള എക്സ്പോയുടെ വിജയം ലോകത്തിെൻറ ഉയിർത്തെഴുന്നേൽപ്പിന് പ്രചോദനം പകരുമെന്ന് ബുധനാഴ്ച അബൂദബിയിലെ ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭ യോഗത്തിൽ അധ്യക്ഷത വഹിച്ച് ശൈഖ് മുഹമ്മദ് റാശിദ് ആൽ മക്തൂം പറഞ്ഞു. എക്സ്പോ 2020 യു.എ.ഇയുടെ നീണ്ട ചരിത്രത്തിെൻറയും സംസ്കാരത്തിെൻറയും പ്രതിബിംബവും നേട്ടങ്ങളുടെ തെളിവുമാണ്. 2021ൽ നമ്മുടെ രാജ്യം ആതിഥേയത്വം വഹിക്കുന്ന പരിപാടികളുടെ അവലോകനങ്ങൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു.
എക്സ്പോ നഗരി നിർമാണത്തിന് വർഷങ്ങൾ എടുത്തിട്ടുണ്ടെന്നും 2,30,000 തൊഴിലാളികൾ അധ്വാനിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുന്നതിനും പ്രധാന വിഷയങ്ങളിൽ ആഗോള അജണ്ടയിൽ സംഭാവന ചെയ്യുന്നതിനും എക്സ്പോ 2020ൽ നേതൃപരമായ പങ്കുവഹിക്കാൻ അദ്ദേഹം എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും നിർദേശവും നൽകി. ഇമാറാത്തി കയറ്റുമതി വർധിപ്പിക്കുന്നതിന് മന്ത്രിസഭ പുതിയ നയവും സ്വീകരിച്ചു. എണ്ണയിതര വിദേശ വ്യാപാരത്തിെൻറ 50 ശതമാനത്തിലെത്താൻ ദേശീയതലത്തിൽ ഉൽപാദിപ്പിക്കുന്ന ചരക്കുകളും സേവനങ്ങളും വർധിപ്പിക്കുന്നതിനാണ് രാജ്യം ലക്ഷ്യമിടുന്നത്.
കയറ്റുമതിയെ പിന്തുണക്കുന്നതിന് ലോകമെമ്പാടുമുള്ള പ്രധാന വിപണികളുമായി കരാറുകൾ ഒപ്പിടും. കെട്ടിട, വികസന പ്രവർത്തനങ്ങൾ സുസ്ഥിരമായി നടത്താൻ അനുവദിക്കുന്ന പുതിയ നിയമങ്ങളും അംഗീകരിച്ചു. കൂടാതെ, ഓട്ടിസം ബാധിച്ച ആളുകൾക്കും അവരുടെ മാതാപിതാക്കൾക്കും സേവനങ്ങൾ കൂടുതൽ ആക്സസ് ചെയ്യാൻ സഹായിക്കുന്നതിനുള്ള ദേശീയനയത്തിന് കൂടുതൽ വ്യക്തത വരുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.