ക്രിപ്റ്റോ കറൻസി സ്വീകരിക്കുമെന്ന് ദുബൈ കഫേ
text_fieldsദുബൈ: പേയ്മെന്‍റ് രീതികളിൽ ക്രിപ്റ്റോ കറൻസികൂടി ഉൾപ്പെടുത്തി ദുബൈയിലെ 'കഫേ ബേക് എൻ മോർ'. ഇതാദ്യമായാണ് ഒരു കഫേ ഡിജിറ്റൽ കറൻസിയായ ക്രിപ്റ്റോ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. നിലവിൽ ഒന്നര ലക്ഷത്തോളം ക്രിപ്റ്റോ ഉപഭോക്താക്കൾ യു.എ.ഇയിലുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നത്. എണ്ണം ദിനംപ്രതി വർധിക്കുകയും ചെയ്യുന്നുണ്ട്.
ഉപഭോക്താക്കളിൽനിന്ന് പേയ്മെന്‍റ് സ്വീകരിക്കുകയല്ലാതെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ക്രിപ്റ്റോ ഉപയോഗിക്കുന്നില്ലെന്ന് 'കഫേ ബേക് എൻ മോർ' ഉടമ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. എന്നാൽ, ഭാവിയിൽ ശമ്പളമടക്കമുള്ള കാര്യങ്ങൾ ക്രിപ്റ്റോയിലേക്ക് മാറുന്നതിനെ അദ്ദേഹം തള്ളിയിട്ടില്ല. കാഷും കാർഡുകളും അടക്കമുള്ള പേയ്മെൻറ് സംവിധാനത്തെ നിലനിർത്തിയാണ് ക്രിപ്റ്റോ അനുവദിച്ചിരിക്കുന്നത്. പുതിയ സംവിധാനം സുരക്ഷിതമാണെന്നാണ് അനുഭവമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിൽ സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ ക്രിപ്‌റ്റോ കറൻസികൾക്ക് ലൈസൻസ് നൽകുകയോ നിയമപരമായ ടെൻഡറുകളായി അംഗീകരിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും, ക്രിപ്‌റ്റോ അസറ്റുകൾക്ക് വിലക്കില്ല. പൗരന്മാർക്ക് ക്രിപ്‌റ്റോ കറൻസികൾ സ്വന്തമാക്കാനും നിക്ഷേപിക്കാനും വ്യാപാരം നടത്താനും അനുവാദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.