ദുബൈ കാലിഗ്രഫി ബിനാലേ തുടങ്ങി;35 കേന്ദ്രങ്ങളിൽ പ്രദർശനം
text_fieldsദുബൈ: ദുബൈ സാംസ്കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന കാലിഗ്രഫി ബിനാലേക്ക് ദുബൈയിൽ തുടക്കമായി. ദുബൈ നഗരത്തിലെ 35 കേന്ദ്രങ്ങളിലാണ് ഒരു മാസത്തോളം നീളുന്ന കാലിഗ്രഫി ബിനാലേ അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200ലധികം കാലിഗ്രഫി വിദഗ്ധരാണ് ആദ്യ ദുബൈ കാലിഗ്രഫി ബിനാലേയിൽ തങ്ങളുടെ രചനകൾ പ്രദർശിപ്പിക്കുന്നത്.
ദുബൈ ഡിസൈൻ ഡിസ്ട്രിക്ട്, ദി കൾച്ചറൽ ആൻഡ് സയന്റിഫിക് അസോസിയേഷൻ, മുഹമ്മദ് ബിൻ റാസിദ് ലൈബ്രറി തുടങ്ങി 35 കേന്ദ്രങ്ങളിൽ 19ലേറെ പ്രദർശനങ്ങളാണ് ബിനാലെയുടെ ഭാഗമായി നടക്കുക.
കാലിഗ്രഫി രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന വിവിധ ചർച്ചകളും ബിനാലെയുടെ ഭാഗമായി നടക്കും. ദുബൈ കൾച്ചർ ആൻഡ് ആർട്ട് അതോറിറ്റിയാണ് ബിനാലെക്ക് തുടക്കം കുറിച്ചത്. ദുബൈ കൾച്ചർ ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ബിനാലെ വേദികൾ സന്ദർശിച്ചു. പ്രദർശനത്തിലെ സൗകര്യങ്ങൾ അവർ വിലയിരുത്തി.
ദുബൈ അന്താരാഷ്ട്ര അറബി കാലിഗ്രഫി പ്രദർശനവും ശൈഖ ലത്തീഫ സന്ദർശിച്ചു. 17 രാജ്യങ്ങളിൽ നിന്നുള്ള 50 അറബി കാലിഗ്രഫർമാരുടെ 75 രചനകളാണ് പ്രദർശിപ്പിക്കുന്നത്. ഇത് പതിനൊന്നാം തവണയാണ് അന്താരാഷ്ട്ര അറബി കാലിഗ്രഫി പ്രദർശനം ദുബൈയിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.