‘ദുബൈ കാൻ’ പദ്ധതി കുറക്കാനായത് 10 ദശലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകൾ
text_fieldsദുബൈ: കഴിഞ്ഞ വർഷം അവതരിപ്പിച്ച സൗജന്യ കുടിവെള്ള വിതരണ പദ്ധതിയായ ‘ദുബൈ കാൻ’ വഴി 500 മില്ലി ലിറ്ററിന്റെ 10 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ കുറക്കാൻ കഴിഞ്ഞതായി സാമ്പത്തിക, വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനുള്ളിലാണ് ശ്രദ്ധേയ നേട്ടം കൈവരിക്കാനായത്.
കുടിവെള്ളത്തിനായി ഒറ്റത്തവണ പ്ലാസ്റ്റിക് കുപ്പികൾ ആശ്രയിക്കുന്നതിനുപകരം പ്രകൃതി സൗഹൃദപരമായ മറ്റ് മാർഗങ്ങൾ തേടാൻ സമൂഹത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2022ലാണ് ‘ദുബൈ കാൻ’ സംരംഭത്തിന് സാമ്പത്തിക, വിനോദ സഞ്ചാര വകുപ്പ് തുടക്കമിട്ടത്.
പൊതു കുടിവെള്ള കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്കുപകരം റീഫിൽ ചെയ്യാവുന്ന കുടിവെള്ള കുപ്പികൾ ഉപയോഗിക്കുകയെന്ന സംസ്കാരത്തെ പുണരാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ദുബൈ നഗരത്തിൽ 50 ഇടങ്ങളിലാണ് ‘ദുബൈ കാൻ’ സംരംഭത്തിന്റെ ഭാഗമായുള്ള കുടിവെള്ള ശേഖരണ കിയോസ്കുകൾ വകുപ്പ് സ്ഥാപിച്ചിരുന്നത്. പൊതുജനങ്ങളിൽ നിന്ന് ഇതിന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ടെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
പ്രകൃതിയെ സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാര മേഖലകളുടെ സുസ്ഥിര ഭാവിയും ലക്ഷ്യമിട്ട് ഇനിയും കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ആഗോള പരിസ്ഥിതി ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ സാമ്പത്തിക വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.