35 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ലാഭിച്ച് 'ദുബൈ കാൻ'
text_fieldsദുബൈ: ഫെബ്രുവരിയിൽ ആരംഭിച്ച 'ദുബൈ കാൻ' പദ്ധതിയിലൂടെ 35 ലക്ഷം പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കാൻ സാധിച്ചതായി അധികൃതർ. നഗരത്തിലുടനീളം സ്ഥാപിച്ച കുടിവെള്ള സ്റ്റേഷനുകൾ വലിയ രീതിയിൽ ഉപയോഗപ്പെട്ടുവെന്നും സംരംഭം അസാധാരണ വിജയം കൈവരിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഇതൊരു സംസ്കാരമായി വളർത്താനാണ് ദുബൈ അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കുപ്പിവെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും വീടുകളിൽ വാട്ടർ ഫിൽട്ടറുകൾ സ്ഥാപിക്കാനും പദ്ധതിയുടെ ഭാഗമായി അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
നഗരത്തിൽ 34 സ്ഥലങ്ങളിലാണ് ആദ്യഘട്ടമായി സൗജന്യമായി കുടിവെള്ളം ശേഖരിക്കാനുള്ള റീഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ഈ വർഷം അവസാനത്തോടെ 50 കുടിവെള്ള സ്റ്റേഷനുകൾകൂടി നഗരത്തിൽ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. നിലവിൽ 46 സ്ഥലങ്ങളിലാണ് സ്റ്റേഷനുകളുള്ളത്. ആറു മാസത്തെ പദ്ധതിയുടെ പ്രതികരണം വിലയിരുത്തിയപ്പോഴാണ് 34 ലക്ഷം ബോട്ടിലുകളുടെ ഉപയോഗം കുറക്കാൻ കഴിഞ്ഞതായി കണ്ടെത്തിയത്.
കൈറ്റ് ബീച്ച്, ദുബൈ മറീന, ജെ.എൽ.ടി, ഡൗൺടൗൺ ദുബൈ, ദുബൈ ഹാർബർ, മദീനത്ത് ജുമൈറ, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഖവാനീജ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. പൊതു പാർക്കുകൾ, ബീച്ചുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തുന്നവർ ഏറെയാണെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളുടെ മാനസികാവസ്ഥ മാറ്റുന്നതിലും പരിസ്ഥിതിക്ക് അനുകൂലമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാൻ സാധിക്കാൻ പദ്ധതിയിലൂടെ സാധിച്ചെന്ന് ദുബൈ സസ്റ്റൈനബ്ൾ ടൂറിസം വൈസ് ചെയർമാൻ യൂസഫ് ലൂത്ത പറഞ്ഞു. ഈ സംരംഭം മികച്ച വിജയമാണെന്ന് ഉറപ്പാക്കാൻ ആദ്യ ഘട്ടത്തിലെ വിജയത്തിലൂടെ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.ജനങ്ങൾ കൂടുതലായി ഈ രീതി പിന്തുടരുന്നതോടെ വലിയ തോതിൽ മലിനീകരണം തടയാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു ബോട്ടിൽ കൈയിൽ കരുതിയാൽ ഓരോ വ്യക്തിക്കും ഒന്നോ രണ്ടോ ബോട്ടിൽ ഉപയോഗം ദിവസവും ഒഴിവാക്കാനാകും. പലപ്പോഴും യാത്രകളിലും വിനോദ അവസരങ്ങളിലും വഴിയിൽ കുടിവെള്ളം ലഭ്യമാകാത്തതാണ് കുപ്പിവെള്ളം വാങ്ങാൻ കാരണമാകുന്നത്. 'ദുബൈ കാൻ' ഇത് പരിഹരിക്കാനാണ് കുടിവെള്ള ശേഖരണ കേന്ദ്രങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.