തീയണയ്ക്കാൻ ഡ്രോണുകളുമായി ദുബൈ സിവിൽ ഡിഫൻസ്
text_fieldsദുബൈ: വലിയ തീപിടിത്തങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനും തീയണക്കാനും ട്രോണുകൾ ഉപയോഗപ്പെടുത്തുന്നതിന് ദുബൈ സിവിൽ ഡിഫൻസ് അംഗീകാരം നൽകി.
ഉയർന്ന കെട്ടിടങ്ങളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അപകടകരമായ വസ്തുക്കൾ സൂക്ഷിക്കുന്ന വെയർഹൗസുകളിലും അഗ്നിബാധയുണ്ടാകുമ്പോൾ തീപടർന്നതിെൻറ വ്യാപ്തി കൃത്യമായി മനസ്സിലാക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇത് ഉപകാരപ്പെടും. എല്ലാതരം അപകടങ്ങളും കൈകാര്യം ചെയ്യുന്നതിൽ സമയവും അധ്വാനവും ലാഭിക്കുന്നതിന് തീരുമാനം സഹായിക്കുമെന്നും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സിവിൽ ഡിഫൻസ് ഏറ്റെടുക്കുന്ന ചുമതലകളെ ഇത് ക്രിയാത്മകമായി മെച്ചപ്പെടുത്തുമെന്നും വകുപ്പ് മേധാവി ലഫ്. ജനറൽ റാശിദ് താനി അൽ മത്റൂശി പറഞ്ഞു.
ചൂടുകാലം തുടങ്ങിയതോടെ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ദ്രുതഗതിയിൽ നടപടികൾക്കായി ഡ്രോണുകൾക്ക് കൂടി അനുമതി നൽകിയിരിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ ജനറൽ സിവിൽ ഏവിയേഷൻ 180 ഡ്രോൺ പ്രവർത്തന അനുമതികൾ നൽകിയിട്ടുണ്ട്. അബൂദബിയിൽ ഹൂതി ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഡ്രോൺ നിരോധനം ഇപ്പോഴും നിലവിലുണ്ട്.
അതിനാൽ അത്യാവശ്യങ്ങൾക്ക് പ്രത്യേക അനുമതിയോടെ മാത്രമാണ് ഇതിന് അനുമതി നൽകുന്നത്. അധികൃതരുടെ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നവർക്ക് അഞ്ചുവർഷം വരെ തടവും ഒരുലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.