ആറു പതിറ്റാണ്ടിന്‍റെ വിസ്മയം
text_fieldsഎല്ലാത്തിലും ഒന്നാമനാണ് ദുബൈ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഡ്രൈവറില്ലാതെ ഏറ്റവും ദൂരം ഓടുന്ന മെട്രോ ട്രെയിന്‍, ട്രാം, പറക്കുന്ന ടാക്സി, ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍, അക്വേറിയം, തീം പാര്‍ക്ക്, ലോകത്തിലെ രണ്ടാമത്തെ വലിയ ‘ഗ്രാന്‍ഡ് മോസ്‌ക്’, അന്താരാഷ്ട്ര വിമാനത്താവളം എന്നിങ്ങനെ പോവുന്നു അത്ഭുതങ്ങളുടെ നീണ്ട പട്ടിക. നാടും നഗരവും വികസിച്ചു ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുമ്പോഴും ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ദുബൈ നഗരത്തിന് സമയമറിയിച്ചുകൊണ്ട് ആഗോള ശ്രദ്ധ നേടിയ ദേരയിലെ ക്ലോക്ക് ടവര്‍ ഇന്നും ആളുകള്‍ക്ക് വിസ്മയമാണ്. പഴയ പ്രൗഡി നിലനിർത്തിക്കൊണ്ടു തന്നെ ക്ലോക്ക് ടവർ നവീകരിക്കാനുള്ള മുന്നൊരുക്കത്തിലാണ് ദുബൈ.
58 വർഷം മുൻപ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ദുബൈയുടെ ആദ്യത്തെ നിർമിതിയാണ് ക്ലോക്ക് ടവർ. ഏഴ്എമിറേറ്റുകള്‍ ഐക്യപ്പെട്ട് യു.എ.ഇ രൂപപ്പെടുന്നതിന് ഏഴു വര്‍ഷം മുമ്പ് തന്നെ ക്ലോക്ക് ടവര്‍ ലോകത്തിന് സമയമറിയിച്ചു. ദുബൈ എമിറേറ്റിന്‍റെ മുഖ പ്രസാദമാണിന്ന് ദേരയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഭീമൻ ഘടികാര സ്തൂപം. കൗതുകങ്ങളുടെ കാഴ്ച്ച മാത്രം സമ്മാനിക്കുന്ന നഗരമായി മാറുന്നതിന് മുമ്പേ വിനോദ സഞ്ചാരികള്‍ സമയം നോക്കി വിസ്മയിച്ചിരുന്ന ഇടമാണിത്. ലോകത്തിലെ അതിമനോഹരമായ ടവറുകളുടെ പട്ടികയില്‍ രണ്ടു തവണ ദുബൈ ക്ലോക്ക് ടവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് ബ്രിട്ടനിലെ ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച ലോകത്തിലെ മനോഹര ടവറുകളുടെ കൂട്ടത്തില്‍ ഒന്ന് ദുബൈ ക്ലോക്ക് ടവറായിരുന്നു. ലണ്ടന്‍ ടവറുകള്‍ക്കൊപ്പമാണ് ദുബൈ ക്ലോക്ക് ടവറിനെയും പത്രം ചേര്‍ത്തു പിടിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് വഴികാട്ടുന്ന ട്രാവല്‍ പ്ലാസ വെബ്സൈറ്റിലെ സുന്ദര സ്തൂപങ്ങളുടെ പട്ടികയിലും മണലാരിണ്യത്തില്‍ പ്രൗഡിയോടെ നില്‍ക്കുന്ന ഈ സ്തൂപം ഇടം നേടിയിട്ടുണ്ട്. ആകൃതിയിലും വ്യതിരിക്തത നില നിര്‍ത്തുന്നതാണ് 58ലും യുവത്വം കാത്തു സൂക്ഷിക്കുന്ന ക്ലോക്ക് ടവറിന്‍റെ തലയെടുപ്പ്.
1963 ലാണ് ടവറിന്‍റെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. ദുബൈയിൽ ആദ്യമായി എണ്ണ കയറ്റുമതി നടത്തിയതിന്‍റെ ആഘോഷ വേളയിൽ അക്കാലത്തെ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ബിൻ സയീദ് ആൽ മക്തൂമിന് അന്നത്തെ ഖത്തർ ഭരണാധികാരിയായിരുന്ന ശൈഖ് അഹമ്മദ് സമ്മാനമായി നൽകിയതാണ് ഭീമൻ ടൈം പീസ്. ഇത്രയും വലിയൊരു ക്ലോക് എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് അന്ന് സബീൽ രാജ കൊട്ടാരത്തിന്‍റെ നിർമാതാവായ എൻജിനിയർ ബുളാർഡ് വ്യത്യസ്തമായ ക്ലോക്കിന് നിർമിതി ഒരുക്കി ക്ലോക് പ്രദർശനത്തിന് വെക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. അദ്ദേഹം തന്നെ സ്‌കെച്ചും തയ്യാറാക്കി. തുടർന്ന് സിറിയൻ ആർക്കിടെക്ട് സക്കി അൽ ഹോംസിയാണ് ഇന്ന് കാണുന്ന തരത്തിലുള്ള സ്തൂപം ഡിസൈൻ ചെയ്തത്. മക്തൂം പാലത്തിന്‍റെ വരവോടെയാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. ആർക്കിടെക്ചർ ഡിസൈൻ കൺസ്ട്രക്ഷൻ (എ.ഡി.സി) എന്ന കമ്പനിക്കായിരുന്നു നിർമാണ ചുമതല. ബ്രിട്ടീഷ് വിദഗ്ദരുടെ പങ്കാളിത്തത്തോടെ സക്കി അൽ ഹോംസിയുടെ മേൽനോട്ടത്തിൽ പത്തു മാസം കൊണ്ട് ചരിത്ര സ്തൂപത്തിന്‍റെ ആദ്യ ഘട്ടം പൂർത്തിയാക്കി. 1965ൽ മുകളില്‍ നിന്നും സമയം അറിയിക്കുന്ന ക്ലോക്ക് ടവറിന്‍റെ നിർമാണം പൂര്‍ണ്ണത പ്രാപിച്ചുവെന്ന് ചരിത്രം വ്യക്തമാക്കുന്നു.
ദുബൈയുടെ കിഴക്ക് ഭാഗത്ത് തിരക്കേറിയ ദേരയിലാണ് ടവര്‍. ദുബൈ -അബൂദബി എക്‌സ്‌പ്രസ് വേ നിർമ്മാണത്തിന് മുമ്പ് ഷാർജയിലേക്കും അബൂദബിയിലേക്കുമുള്ള കവാടമായിരുന്നത്രെ റിഗ്ഗ പ്രദേശം ഉൾപ്പെടുന്ന ഈ ഭാഗം. സമയമറിയിക്കുന്നതോടൊപ്പം ദേരക്കും ബർ ദുബൈക്കും ഇടയിലുള്ള പ്രധാനഭാഗത്തെ ഗതാഗത നിയന്ത്രത്തിനുള്ള ജങ്ഷൻ എന്ന നിലക്ക് കൂടിയാണ് ദേരയിൽ ഇതിനായി സ്ഥലം കണ്ടെത്തിയത്. മരുഭൂമിയായി കിടന്ന ബര്‍ദുബൈ - ദേര പ്രദേശത്തെ ആദ്യത്തെ കോൺക്രീറ്റ് നിര്‍മിതിയും ഇതുതന്നെ. അക്കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ പോലും ഇത്തരം വിസ്മയങ്ങള്‍ തീരെ അപൂര്‍വ്വമായിരുന്നു. 60 -70 കാലഘട്ടങ്ങളിൽ അംബര ചുംബികൾ ഇല്ലാതിരുന്ന ദുബൈയുടെ കാലത്ത് ക്ലോക്ക് ടവർ ദൂരെ നിന്ന് കാണാമായിരുന്നെന്ന് പഴമക്കാർ ഓർത്തെടുക്കുന്നു. ഇപ്പോൾ ദുബൈയുടെ ഏത് ഭാഗത്തുനിന്നും ബുർജ് ഖലീഫ എങ്ങനെ കാണാനാകുമെന്നത് പോലെ തന്നെ.
രാവും പകലും വാഹനങ്ങളുടെ നിരയൊഴിയാത്ത വീഥികളില്‍ സമയം ഓര്‍മിപ്പിച്ചുകൊണ്ട് നില്‍ക്കുന്ന ഈ സമയ സൂചിക സഞ്ചാരികളുടെ നോട്ടം കവരുന്ന വിധത്തിലാണ്. വാഹനങ്ങള്‍ക്ക് കറങ്ങി പോകാന്‍ ഇതിനെ ചുറ്റിയുള്ള റൗണ്ട് എബൗട്ടും ഇന്നേറെ പ്രസിദ്ധം. ഉമ്മുഹരീര്‍, മക്തൂം പാലം റോഡുകളെ വേര്‍തിരിക്കുന്ന റൗണ്ട് എബൗട്ട് അന്നും ഇന്നും യാത്രക്കാരുടെ വഴിയടയാളമാണ്. സമയ സ്തൂപം സ്ഥാപിച്ചത് മുതല്‍ ഈ മേഖലയുടെ മാറ്റ് കൂടുകയും മുഖശ്ചായ മാറുകയും ചെയ്തു. രാജ്യാന്തര വിമാന കമ്പനികളും വിനോദ സഞ്ചാര മേഖലയിലെ സ്ഥാപനങ്ങളും സമ്പന്ന കമ്പനികളും ക്ലോക്ക് ടവറിന്‍റെ ചുറ്റുവട്ടത്തേക്ക് ആകൃഷ്ടരായി.
വിദേശങ്ങളില്‍ സമയ സ്തൂപം പ്രചാരം നേടാന്‍ തുടങ്ങിയതോടെയാണ് വിദേശ കമ്പനികള്‍ ക്ലോക്ക് ടവറിന്‍റെ സമീപ വാസികളായത്. കാലക്രമേണ സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്ലോക്ക് ടവര്‍ ലക്ഷ്യമാക്കി വന്നു. പണ്ട് മുതല്‍ക്കേ ഈ ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിര കണ്ടു തുടങ്ങിയിരുന്നെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. രാജ്യത്തിനും ദുബൈക്കും ഒരുപോലെ അഭിമാന മുദ്രയാണ് ഈ ഘടികാര സമുച്ചയം. അത്യാധുനിക സാങ്കേതിക വിദ്യയോടെയാണ് ഇന്നിപ്പോൾ ഇവിടെ കാലം ചലിക്കുന്നത്. ഹൈ-ടെക് ഡയൽ സംവിധാനത്തോടെ, ഘടികാരത്തോടൊപ്പം മെഷീനിൽ ജി.പി.എസ് സെൻസറുകൾ ഘടിപ്പിച്ചിരിക്കുന്നു. അങ്ങേയറ്റം കൃത്യത ഉറപ്പാക്കുന്ന മെഷീനുകളാണ് പ്രവർത്തപ്പിക്കുന്നതെന്നതിനാൽ മാനുവൽ ഓപ്പറേഷൻ ആവശ്യമില്ല. നാല് ദിശയിലേക്കുമായി പ്രമുഖ വാച്ച് ബ്രാൻഡായ ഒമേഗയാണ് ടൈംപീസ് കൈകാര്യം ചെയ്യുന്നത്. 2010 മുതൽ ഈ ബ്രാൻഡ് ക്ലോക്ക് ടവറിന്‍റെ ടൈം കീപ്പറാണ്.
12 വര്‍ഷം മുൻപ് പണി കഴിപ്പിച്ച മക്കയിലെ റോയല്‍ ക്ലോക്ക് ടവറാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നത്തെ വലിയ സമയ സൗധം. ഇടക്ക് ചില അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പതിറ്റാണ്ടുകള്‍ പിന്നിട്ട കോൺക്രീറ്റ് സൗധം ഇന്നും കേടുപാടില്ലാതെ നിലനില്‍ക്കുന്നു. വിവിധ വഴികളെ കൂട്ടിയിണക്കുന്ന സമയ ചത്വരം കാഴ്ച്ചക്കാരന് ഏതു ദിശയിലും ഒരേപോലെയാണ് തോന്നിക്കുക. ടവറിനെ പാശ്ചാത്തലമാക്കി ഫോട്ടോ എടുക്കാത്ത വിനോദ സഞ്ചാരികള്‍ വളരെ വിരളമായിരിക്കും. പൂക്കളും ചെടികളും ജലധാരയും നിലനിര്‍ത്തിയാണ് ആറു പതിറ്റാണ്ട് കടന്ന ടവര്‍ സംരക്ഷിച്ചു പോരുന്നത്. വറുതിയുടെ കാലവും പുരോഗതിയുടെ കാലവും കണ്ടു നിവര്‍ന്നു നില്‍ക്കുന്ന ചരിത്ര പ്രതീകത്തില്‍ സമയ ചക്രം നിലക്കാതെ മിടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.