ഹരജി തള്ളി; സഞ്ജയ് ഷായെ ഡെന്മാർക്കിന് കൈമാറും
text_fieldsദുബൈ: നികുതി വെട്ടിപ്പ് കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സഞ്ജയ് ഷായെ ഡെന്മാർക്കിന് കൈമാറും. കൈമാറ്റം സംബന്ധിച്ച് സഞ്ജയ് ഷാ നൽകിയ ഹരജി ദുബൈ കോടതി തള്ളി. ഇതിനെതിരെ മേൽകോടതിയെ സമീപിക്കുമെന്ന് സഞ്ജയ് ഷായുടെ അഭിഭാഷകൻ അറിയിച്ചു. 170 കോടി ഡോളറിന്റെ നികുതി വെട്ടിപ്പ് കേസിൽ ഡെന്മാർക്കിന്റെ ആവശ്യപ്രകാരമാണ് ഇയാൾ ദുബൈയിൽ അറസ്റ്റിലായത്. ദുബൈ പാം ജുമൈറയിൽ താമസിച്ചിരുന്ന സഞ്ജയ് ഷായെ എട്ടുമാസം മുമ്പ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഇയാൾക്ക് 125 കോടി ഡോളർ (10,000 കോടി രൂപ) ദുബൈ കോടതി പിഴയിട്ടിരുന്നു. ഡാനിഷ് കമ്പനിയിൽ ഓഹരിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 170 കോടി ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് കേസ്.
2012 മുതൽ മൂന്നുവർഷം തുടർച്ചയായി നികുതി റീ ഫണ്ട് കൈപ്പറ്റിയെന്നാണ് കേസ്. നികുതി വെട്ടിപ്പ് നടത്തിയശേഷം ഡെന്മാർക്കിൽ നിന്ന് മുങ്ങിയ ഷാ ദുബൈയിലെത്തുകയായിരുന്നു. 2018ൽ ഡെന്മാർക്ക് സർക്കാർ ഇയാൾക്കെതിരെ ദുബൈയിൽ കേസ് ഫയൽ ചെയ്തു. 190 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ഷായെ വിട്ടുനൽകണമെന്നുമായിരുന്നു ഡെന്മാർക്കിന്റെ ആവശ്യം. 125 കോടി ഡോളർ പിഴയിട്ട കോടതി ഇയാളെ വിട്ടുനൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
ഔദ്യോഗിക രേഖകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് കോടതി ഇയാളെ കൈമാറാൻ വിസമ്മതിച്ചത്. ഇതിനെതിരെ ദുബൈ അറ്റോണി ജനറൽ എസ്സം ഇസാ അൽ ഹുമൈദാൻ അപ്പീൽ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷായെ കൈമാറാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് യു.എ.ഇയും ഡെന്മാർക്കും തമ്മിൽ കരാർ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.