ശമ്പളം ക്രിപ്റ്റോ കറൻസിയിൽ നൽകണമെന്ന് ദുബൈ കോടതി വിധി
text_fieldsദുബൈ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് യു.എ.ഇയിൽ ചരിത്രപരമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ദുബൈ കോടതി. സ്വകാര്യ ജീവനക്കാരന് ശമ്പള കുടിശ്ശിക ക്രിപ്റ്റോ കറൻസിയിലും ദിർഹമിലുമായി നൽകണമെന്നാണ് ദുബൈ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടെ വിധി.
പ്രതിമാസ ശമ്പളം ദിർഹമിലും ക്രിപ്റ്റോ കറൻസിയായ ഇകോവാട്ട് ടോക്കണിലും നൽകുമെന്ന് ജീവനക്കാരനുമായുള്ള കരാറിൽ കമ്പനി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ദിർഹമിൽ മാത്രമാണ് ശമ്പളം നൽകിയത്. ഇത് കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച കോടതി ക്രിപ്റ്റോ കറൻസിയിലും ശമ്പളം നൽകണമെന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.
തന്നെ ഏകപക്ഷീയമായി പിരിച്ചുവിട്ട കമ്പനി നടപടിക്കെതിരെ നൽകിയ കേസിലാണ് കോടതിയുടെ ചരിത്രപരമായ വിധി. കരാർ പ്രകാരം ആറുമാസത്തെ ശമ്പളയിനത്തിൽ 5250 ഇക്കോവാട്ട് ടോക്കൺ നൽകുന്നതിൽ കമ്പനി വീഴ്ചവരുത്തുകയും തെറ്റായി രീതിയിൽ ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തുവെന്നതാണ് കേസ്.
സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്ൾ 912 പ്രതിപാദിച്ചതുപ്രകാരം തൊഴിലാളിയുടെ മൗലികാവകാശമാണ് വേതനമെന്ന് അടിവരയിടുന്നതാണ് ദുബൈ കോടതി വിധിയെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
2021ൽ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഫെഡറൽ നിയമത്തിൽ പരമ്പരാഗതമായ വേതന സംരക്ഷണ സംവിധാനം വഴിയോ മറ്റ് അംഗീകൃത സംവിധാനങ്ങൾ വഴിയോ തൊഴിലാളിക്ക് ഫ്ലക്സിബിളായ വേതന വിതരണം നടപ്പിലാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതു പ്രകാരം യു.എ.ഇയിൽ ക്രിപ്റ്റോ കറൻസി സാധുവായ ഒരു വേതന രൂപമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.