ദുബൈ ക്രീക്ക്, കടലും കരയും പുണരുന്നിടം
text_fieldsവലിയ നഗരങ്ങളുടെയെല്ലാം വളർച്ചയിൽ നദികളും ജലപാതകളും ഏറെ സംഭാവനയർപ്പിച്ചിട്ടുണ്ട്. ലണ്ടൻ നഗരത്തിന് തേംസ് നദി പോലെ ദുബൈ നഗരത്തിെൻറ ജീവനാഡിയാണ് ദുബൈ ക്രീക്ക്. കടലിൽ നിന്ന് ഏകദേശം പതിനാല് കിലോമീറ്റർ ഉള്ളിലേക്ക് തള്ളിനിൽക്കുന്ന ഈ ജലവഴിയാണ് നഗരം നേടിയെടുത്ത വളർച്ചയുടെയും മുന്നേറ്റത്തിെൻറ കാരണങ്ങളിലൊന്ന്. ബർദുബൈ, ദേര എന്നിങ്ങനെ ദുബൈയെ രണ്ട് ഭാഗങ്ങളായി ഇത് വേർതിരിക്കുന്നു.
ദുബൈയുടെ ഏറ്റവും പ്രധാന തുറമുഖം എന്ന നിലയിൽ ഇവിടം ലോകവ്യാപാര ഭൂപടത്തിൽ സവിശേഷ സ്ഥാനമലങ്കരിക്കുന്നു. സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഇടമാണ് പ്രകൃതിദത്തമായ ഈ കടലിടുക്ക്. സായാഹ്ന സവാരിക്ക് ധാരാളം സഞ്ചാരികൾ ദിവസവും ഇവിടെ എത്തിച്ചേരുന്നു. ലൈറ്റ് ആൻഡ് മ്യൂസിക് ഷോകൾ, പായ്ക്കപ്പലുകൾ, യാച്ചുകൾ, ബോട്ടുകൾ, കപ്പലുകൾ എന്നിവ കാണാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കുന്നു. ദുബൈയുടെ ഭംഗി ആസ്വദിക്കാൻ ഏറ്റവും യോജിച്ച മാർഗമായും പലരും ക്രീക്ക് യാത്ര തിരഞ്ഞെടുക്കുന്നു. പരമ്പരാഗത സംസ്കാരവും ആധുനിക ദുബൈയുടെ മുഖവും ഇവിടെ സമ്മിശ്രമായി അനുഭവിക്കാനാവും.
പരമ്പരാഗത അറേബ്യൻ മര ബോട്ടുകളായ അബ്റകളിലെ സഞ്ചാരം, വാട്ടർ ബസ് അല്ലെങ്കിൽ വാട്ടർ ടാക്സികളിലുള്ള നഗരക്കാഴ്ച കാണൽ, ഡിന്നർ ക്രൂയിസുകളിലെ ആഘോഷം, ദുബൈ ക്രീക്ക് ഗോൾഫ് ആൻഡ് യാച്ച് ക്ലബ് സന്ദർശനം എന്നിവയാണ് സഞ്ചാരികൾ ഇവിടെ പ്രധാനമായി തെരഞ്ഞെടുക്കുന്നത്. നിരവധി മാളുകളും ഷോപ്പിങ് സെൻററുകളും ക്രീക്കിന് ചുറ്റുമായുണ്ട്. സുഗന്ധവ്യഞ്ജനങ്ങൾ, സ്വർണം, ഇലക്ട്രോണിക്സ്, തുകൽ ശേഖരങ്ങൾ എന്നിവയുള്ള പഴയ ബസാറുകളും പൈതൃക കെട്ടിടങ്ങളും ഇവിടുത്തെ ആകർഷണീയതകളാണ്.
ക്രീക്കിലെത്തുന്നവർക്ക് സന്ദർശിക്കാവുന്ന പ്രധാനപ്പെട്ടയിടമാണ് റാസൽഖോർ സാൻച്വറി. ക്രീക്കീെൻറ മുനമ്പ് എന്നറിയപ്പെടുന്ന ഇവിടം ധാരാളം ദേശാടന പക്ഷികളുടെ കേന്ദ്രമെന്ന നിലയിൽ സംരക്ഷിത തണ്ണീർത്തടമാണ്. ശനിയാഴ്ചമുതൽ വ്യാഴാഴ്ച വരെ രാവിലെ 9മുതൽ നാലുവരെയാണ് പ്രവേശനം. ദുബൈയുടെ ചരിത്രവും പൈതൃകവും വിവരിക്കുന്ന അൽ ബസ്താകിയ ഡിസ്ട്രിക്റ്റും നഗരത്തിലെ ഏറ്റവും പഴക്കമുള്ള പാർക്കായ ദുബൈ ക്രീക്ക് പാർക്കും ഡോൾഫിനുകളുടെ കേന്ദ്രമായ ദുബൈ ഡോൾഫിനേറിയവും സന്ദർശകരെ ആകർഷിക്കുന്നു.
അബ്റകളിൽ യാത്ര ചെയ്യാം
ദുബൈ ക്രീക്കിലെ പരമ്പരാഗത തടി അബ്റകളിൽ ബർദുബൈക്കും ദേരക്കുമിടയിലെ സാധാരണ യാത്രക്ക് ഒരു ദിർഹമാണ് ഈടാക്കുന്നത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പുറത്തിറക്കിയ പുതുതലമുറ അബ്റകളിൽ രണ്ട് ദിർഹമാണ് നിരക്ക്. ഉയർന്ന സുരക്ഷ ഇതിെൻറ പ്രത്യേകതയാണ്.
ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ രാത്രി 10:45വരെയും വെള്ളിയാഴ്ചകളിൽ രാവിലെി 10മുതൽ രാത്രി 11:45വരെയുമാണ് സർവീസ്. വീൽ ചെയറുകളും ലൈഫ് ജാക്കറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നോൽ കാർഡു വഴി പെയ്മെൻറ് നടത്താനും സൗകര്യങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.