ലഹരിവിരുദ്ധ നടപടികൾ ശക്തമാക്കി യു.എ.ഇ ; മൂന്നുവർഷത്തിനിടെ ദുബൈ കസ്റ്റംസ് തകർത്തത് 2600 മയക്കുമരുന്ന് കടത്തുശ്രമങ്ങൾ
text_fieldsദുബൈ: ലഹരിക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി യു.എ.ഇ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ദുബൈ കസ്റ്റംസ് ഇല്ലാതാക്കിയത് 2600 മയക്കുമരുന്ന് കടത്തു ശ്രമങ്ങൾ 2020, 21, 22 വർഷങ്ങളിലായി യഥാക്രമം 829, 941, 834 മയക്കുമരുന്ന് കടത്ത് ശ്രമങ്ങളെയാണ് കസ്റ്റംസ് വിജയകരമായി ഇല്ലാതാക്കിയത്. ഇക്കാലയളവിൽ വിമാനത്താവളത്തിൽ നിന്ന് മാത്രം 36.76 കിലോഗ്രാം കഞ്ചാവ് പിടികൂടാനായി. കരമാർഗം കടത്തിയ 75,000 കപ്റ്റാഗോൺ ഗുളികകൾ പിടിച്ചെടുക്കാനായതും വലിയ നേട്ടമാണ്. തുറമുഖം വഴി കടത്തിയ മൂന്നു ദശലക്ഷം കപ്റ്റാഗോൺ ഗുളികകളും 1.5 ടൺ കപ്റ്റാഗോൺ പൊടിയും പിടികൂടിയിരുന്നു. സംഭവങ്ങളിൽ രാജ്യാന്തര മയക്കുമരുന്ന് സംഘങ്ങളടക്കം നിരവധി പേർ പിടിയിലാവുകയും ചെയ്തിരുന്നു.
യു.എ.ഇയുടെ മയക്കുമരുന്ന് നിയന്ത്രണ കൗൺസിലിന് മികച്ച പിന്തുണയാണ് ദുബൈ കസ്റ്റംസ് നൽകിവരുന്നത്. പ്രാദേശികമായും ആഗോള തലത്തിലും മയക്കുമരുന്ന് ദുരുപയോഗത്തെ തടയാൻ വിദഗ്ധ സംഘങ്ങളുടെ സഹായത്തോടെ ദുബൈ കസ്റ്റംസിന് കഴിയുന്നുണ്ടെന്ന് കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപറേഷൻ സി.ഇ.ഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ ഏറ്റവും മികച്ച ഉപകരണങ്ങളാണ് സർക്കാർ കസ്റ്റംസിന് അനുവദിച്ചിട്ടുള്ളത്. ജബൽ അലി കസ്റ്റംസ് സെന്ററിലും ടികോമിലും അടുത്തിടെ മികച്ച സംവിധാനം കസ്റ്റംസ് അവതരിപ്പിച്ചിരുന്നു. ഹെവി, ലൈറ്റ് വാഹനങ്ങൾ, വലിയ ഉപകരണങ്ങൾ, യാച്ചുകൾ, കണ്ടെയ്നറുകൾ എന്നിവ പരിശോധിക്കുന്നതിന് ആഗോള നിലവാരമുള്ള അത്യാധുനിക എക്സ്-റേ സ്കാനിങ് സാങ്കേതികവിദ്യകളാണ് ഇവിടെ സജ്ജമാക്കിയിരുന്നതെന്ന് ദുബൈ കസ്റ്റംസിന്റെ സാങ്കേതിക വിഭാഗം ഡയറക്ടർ ആദിൽ അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.