ദുബൈ കസ്റ്റംസ് സഹായിച്ചു; ജപ്പാനിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
text_fieldsദുബൈ: ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടക്ക് സഹായമൊരുക്കി ദുബൈ കസ്റ്റംസ്. ഏഷ്യൻ രാജ്യത്തുനിന്ന് ജപ്പാനിലേക്ക് കടത്താൻ ശ്രമിച്ച 31കോടി ഡോളർ വിലമതിക്കുന്ന ‘മെത്താംഫെറ്റമിൻ’ എന്ന നിരോധിത മരുന്ന് പിടികൂടാനാണ് ദുബൈ കസ്റ്റംസ് സഹായിച്ചത്. 700കി. ഗ്രാമുള്ള മയക്കുമരുന്ന് കാർഗോ കപ്പലിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമം നടന്നത്. ദുബൈ കസ്റ്റംസും ജാപ്പനീസ് കസ്റ്റംസ് വിഭാഗവും യോജിച്ച് നടത്തിയ ഓപറേഷനെ തുടർന്ന് ടോക്യോ തുറമുഖത്തുവെച്ചാണ് കപ്പൽ പിടികൂടിയത്.ആഗോള തലത്തിൽ മയക്കുമരുന്ന് കടത്ത് തടയുന്നതിന് സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ദുബൈ അധികൃതർ വിവരങ്ങൾ കൈമാറിയത്.
ജപ്പാനുമായി മയക്കുമരുന്ന് കടത്ത് തടയുന്നതിന് ഒരുമിച്ചു പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് ദുബൈ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡയറക്ടർ ഡോ. ഖാലിദ് അൽ മസ്റൂയി പറഞ്ഞു. ഭാവിയിലും ഇത്തരം വിവരങ്ങൾ പരസ്പരം കൈമാറി, ആഗോളതലത്തിൽ മയക്കുമരുന്ന് വ്യാപനം തടയുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ വിവിധ രാജ്യങ്ങളിലെ കസ്റ്റംസ് അധികൃതരുമായി ബന്ധം സൂക്ഷിക്കുന്നതിലൂടെ വ്യാപാരം കൂടുതൽ സുഗമമാക്കാൻ പരിശ്രമിക്കുകയും സുരക്ഷ വെല്ലുവിളികൾ ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറലും തുറമുഖ, കസ്റ്റംസ്, ഫ്രീസോൺ കോർപറേഷൻ സി.ഇ.ഒയുമായ അഹ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. സഹകരണത്തിലൂടെ രാജ്യാന്തരതലത്തിലെ കുറ്റകൃത്യങ്ങൾ മികച്ച രീതിയിൽ തടയാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയിലെ വിവിധ തുറമുഖ അധികൃതരും നിരോധിത മരുന്നുകളുടെ കള്ളക്കടത്ത് തടയുന്നതിന് കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ദുബൈ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് ജപ്പാനിലേക്ക് പുറപ്പെട്ട കാർഗോ കപ്പലിൽ നിരോധിത മരുന്ന് കടത്തുന്നതായി തിരിച്ചറിഞ്ഞത്. വിവരം ജപ്പാൻ കസ്റ്റംസിന് കൈമാറിയതാണ് വൻതുക വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടുന്നതിലേക്ക് നയിച്ചത്. ദുബൈ പൊലീസിന്റെയും കസ്റ്റംസിന്റെയും സഹായത്തോടെ നേരത്തെയും നിരവധി അന്തരാഷ്ട്ര മയക്കുമരുന്ന് ഓപറേഷനുകൾ നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.