ദുബൈ കസ്റ്റംസ് 56 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു
text_fieldsദുബൈ: 2021ലെ ആദ്യ മൂന്നുമാസത്തിനിടെ ദുബൈ കസ്റ്റംസ് 56 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. 3,951 മയക്കുമരുന്ന് ഗുളികകൾ കടത്തുന്നത് തടയുന്നതിനും കസ്റ്റംസിന് കഴിഞ്ഞു. ഇക്കാലയളവിൽ നടത്തിയ 294 ഓപറേഷനുകൾ വഴിയാണ് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് കസ്റ്റംസ് ശ്രമകരമായി തടഞ്ഞത്. ഇവയിൽ 180 ക്രിമിനൽ നടപടികളും 24 കസ്റ്റംസ് നടപടികളുമാണെന്ന് അതോറിറ്റി പുതിയ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് വ്യക്തമാക്കി. മൂന്ന് മാസത്തിനിടെ 7,417 വിമാനങ്ങളിലായി രണ്ട് ദശലക്ഷം യാത്രക്കാരിലും നാല് ദശലക്ഷത്തോളം ബാഗേജുകളിലും കസ്റ്റംസ് ശക്തമായ നിരീക്ഷണവും പരിശോധനയും വ്യാപിപ്പിച്ചു. വർഷത്തിലെ ആദ്യപാദത്തിൽ നടത്തിയ ശ്രദ്ധേയമായ പല നീക്കങ്ങളും ഇൻസ്പെക്ടർമാരുടെ ജാഗ്രത, അച്ചടക്കം, പ്രഫഷനലിസം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിൽ 11.9 കിലോഗ്രാം കഞ്ചാവും 9.6 കിലോഗ്രാം കൊക്കൈയ്നും ഉൾപ്പെടുന്നതായും അതോറിറ്റി വ്യക്തമാക്കി.
ദുബൈ വിമാനത്താവളങ്ങളിലേക്കുവരുന്ന എല്ലാ യാത്രക്കാർക്കും സുഖകരമായ യാത്രാനുഭവം ഉറപ്പുവരുത്തുന്നതിനായി പാസഞ്ചർ ഓപറേഷൻസ് ഡിപ്പാർട്മെൻറ് പ്രത്യേക ശ്രദ്ധ പുലർത്തുന്നതായി വകുപ്പ് ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു. ഇതിനായി ഞങ്ങൾ ഏറ്റവും മികച്ചതും നൂതനവുമായ സാങ്കേതികവിദ്യകളും നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളുമാണ് പ്രയോജനപ്പെടുത്തുന്നത്. ഐ-ഡിക്ലയർ ആപ്ലിക്കേഷൻ, യാത്രക്കാർക്ക് അവരുടെ ബാഗേജുകൾ വേഗത്തിൽ സ്വീകരിക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാനും സൗകര്യമൊരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകം ദുബൈയിലേക്ക് പറന്നിറങ്ങുന്ന ദുബൈ എക്സ്പോ 2020 മെഗാ മേളക്കെത്തുന്ന എക്സിബിറ്റർമാരെയും സന്ദർശകരെയും സ്വീകരിക്കാൻ അതോറിറ്റി മികച്ച രീതിയിൽ തയാറായിക്കഴിഞ്ഞതായും കസ്റ്റംസ് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് വകുപ്പ് നിരന്തരം പുതിയ ക്രിയേറ്റിവ് പ്രോജക്ടുകൾ വികസിപ്പിക്കുന്നുണ്ട്. 77 സ്ക്രീനിങ് സംവിധാനങ്ങളുടെ പിന്തുണയോടെ 22 ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി പരിശോധന ഉദ്യോഗസ്ഥരുടെ എണ്ണം ഉയർത്തിയതായും അതോറിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.