ദുബൈ കസ്റ്റംസ് ഇടപാടുകളിൽ 10 ശതമാനം വളർച്ച
text_fieldsദുബൈ: ഈ വർഷം ആദ്യപകുതിയിൽ 1.4കോടി ഇടപാടുകൾ പൂർത്തീകരിച്ചതായി ദുബൈ കസ്റ്റംസ് അധികൃതർ. എമിറേറ്റിൽ വ്യാപാരം വർധിച്ചതോടെയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടപാടുകളിൽ 10 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.27കോടിയായിരുന്നു ഇടപാടുകൾ. കസ്റ്റംസ് ഡിക്ലറേഷൻ ഇടപാടാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ ആറുമാസത്തിൽ ദുബൈയിൽ രേഖപ്പെടുത്തിയത് 1.23കോടി കസ്റ്റംസ് ഡിക്ലറേഷനുകളാണ്. കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 10 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്.
ഓരോ മിനിറ്റിലും 48 ഡിക്ലറേഷനുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകതലത്തിൽ വ്യാപാര രംഗത്ത് ദുബൈ കൈവരിച്ച മുന്നേറ്റത്തെ കൂടിയാണിത് സൂചിപ്പിക്കുന്നത്. ദുബൈ കസ്റ്റംസ് വകുപ്പ് ഒരുക്കിയ നൂതന സംവിധാനങ്ങളും സ്മാർട്ട് സേവനങ്ങളും കസ്റ്റംസ് ഡിക്ലറേഷൻ എളുപ്പത്തിലാക്കാൻ നിലവിൽ സഹായിക്കുന്നുണ്ട്. ബിസിനസ് രജിസ്ട്രേഷൻ സേവന ഇടപാടുകൾ 1.43ലക്ഷമാണ് രേഖപ്പെടുത്തിയത്. ആകെ ഇടപാടുകളുടെ ഏഴ് ശതമാനമാണിത്. ഡിജിറ്റലൈസേഷൻ പദ്ധതികളിലൂടെ ഏറ്റവും വേഗത്തിലും എളുപ്പത്തിലും ബിസിനസ് ചെയ്യാനുള്ള സാഹചര്യം എമിറേറ്റിൽ ഒരുക്കാനും സാധിച്ചിട്ടുണ്ട്. 99.5 ശതമാനം കസ്റ്റംസ് ഇടപാടുകളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് എമിറേറ്റിൽ നിലവിൽ നടക്കുന്നത്.
ദുബൈ കസ്റ്റംസിന്റെ സ്മാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ സംതൃപ്തി നിരക്ക് 98ശതമാനമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ദുബൈയുടെ സാമ്പത്തിക അജണ്ടയുമായി യോജിപ്പിച്ച് നൂതനമായ സംരംഭങ്ങളിലൂടെ എമിറേറ്റിന്റെ വിദേശ വ്യാപാരത്തിന്റെ മൂല്യം വർധിപ്പിക്കുന്നതിന് കസ്റ്റംസ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്.
ആഗോളതലത്തിൽ നിയമവിരുദ്ധ വ്യാപാരം തടയുന്നതിന് വിവിധ രാജ്യങ്ങളുമായി സഹകരിക്കുന്നതിലും ദുബൈ കസ്റ്റംസ് സജീവമാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ കസ്റ്റംസ് അധികൃതരുമായി ബന്ധം സൂക്ഷിക്കുന്നതിലൂടെ വ്യാപാരം കൂടുതൽ സുഗമമാക്കാൻ പരിശ്രമിക്കുകയും സുരക്ഷാ വെല്ലുവിളികൾ ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നത്. ദുബൈ പൊലീസിന്റെയും കസ്റ്റംസിന്റെയും സഹായത്തോടെ നിരവധി കള്ളക്കടത്തുകൾ വിവിധ രാജ്യങ്ങൾ പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.