ദുബൈ ദേര തീപിടിത്തം: തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsദുബൈ: ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തമിഴ്നാട് സർക്കാറാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
കള്ളക്കുറിച്ചി രാമരാജപുരം നിവാസികളായ സാലിയകുണ്ടു ഗൂഡു (49), ഇമാം കാസിം (43) എന്നിവർക്കാണ് നഷ്ടപരിഹാരം. ഇവർക്ക് പുറമെ മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (38), ഭാര്യ ജിഷി (32) ഉൾപെടെ 16 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. വിഷുദിനത്തിൽ ദേര ഫ്രിജ് മുറാറിലെ തലാൽ ബിൽഡിങ്ങിലെ നാലാം നിലയിലായിരുന്നു തീപിടിത്തം.
സാലിയകുണ്ടു ഗൂഡുവിന്‍റെയും ഇമാം കാസിമിന്‍റെയും നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം തമിഴ്നാട്ടിലെത്തും. രക്ഷാപ്രവർത്തനത്തിനിടെയാണ് ഇരുവരും മരിച്ചത്.
അതേസമയം, റിജേഷിന്‍റെയും ജിഷിയുടെയും മൃതദേഹം തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ചു. പണി തീരാറായ പുതിയ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. ഇരുവരെയും ഒരുനോക്കുകാണാൻ വൻജനാവലിയാണ് കാത്തുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.