ഡെലിവറി ബൈക്കുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ ആർ.ടി.എ
text_fieldsദുബൈ: ഡെലിവറി ബൈക്കുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ പദ്ധതിയുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇലക്ട്രിക് ബൈക്കുകളിലേക്ക് ഡെലിവറി കമ്പനികളെ മാറാൻ പ്രേരിപ്പിക്കുന്ന വിവിധ പദ്ധതികളാണ് സംരംഭത്തിന്റെ ഭാഗമായി നടപ്പാക്കുക.
അടിസ്ഥാനസൗകര്യം വികസിപ്പിക്കുക, ലൈസൻസിങ്ങിന്റെയും രജിസ്ട്രേഷന്റെയും പ്രക്രിയകൾ പുനഃപരിശോധിക്കുക, ഇ-ബൈക്ക് ബാറ്ററികളുടെ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുക എന്നിവയാണ് ആർ.ടി.എ ഈ രംഗത്ത് നടപ്പാക്കുന്നത്. സുസ്ഥിരവും ശുദ്ധവും പരിസ്ഥിതി സൗഹൃദപരവുമായ ഊർജ ഉപയോഗം ഗതാഗതരംഗത്ത് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
2030ഓടെ കാർബൺ പുറന്തള്ളൽ 30 ശതമാനം കുറക്കാനുള്ള ദുബൈയുടെ പദ്ധതിക്ക് ചുവടുപിടിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിതെന്ന് ആർ.ടി.എ വാണിജ്യ ഗതാഗത വകുപ്പ് ഡയറക്ടർ മുഹന്നദ് ഖാലിദ് അൽ മുഹൈരി പറഞ്ഞു. ഭാവി വാണിജ്യ ഗതാഗത സേവനങ്ങളുടെ സാധ്യതകൾ വിശാലമാക്കുകയും സീറോ എമിഷൻ വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ സുസ്ഥിരത വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇലക്ട്രിക് വാഹന മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ആർ.ടി.എ ഇ-ബൈക്കുകളുടെ പ്രോട്ടോടൈപ്പ് രൂപപ്പെടുത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇതുവഴി കമ്പനികളെ പുതിയ രീതി സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇ-ബൈക്കുകളിലേക്ക് മാറ്റത്തിന് കളമൊരുക്കുന്നതിനായി ദുബൈയിൽ ഒന്നടങ്കം ആർ.ടി.എ ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കും. അതോടൊപ്പം ഇ-ബൈക്കുകൾ ഉപയോഗിക്കുന്നത് കമ്പനികളുടെ പ്രവർത്തന ചെലവ് കുറക്കുന്നതുമാണ്. പരമ്പരാഗത മോട്ടാർ ബൈക്കുകളിൽനിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം അപകടങ്ങളും കുറക്കുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.