ജല, വൈദ്യുതി പദ്ധതികൾ: അഞ്ചുവർഷം കൊണ്ട് 4000 കോടി ദിർഹം ചെലവഴിക്കുമെന്ന് ദേവ
text_fieldsദേവയുടെ ഹസ്സ്യാൻ പവർ കോംപ്ലക്സ്
ദുബൈ: ജല, വൈദ്യുതി പദ്ധതികൾക്കായി അഞ്ചുവർഷംകൊണ്ട് 4000 കോടി ദിർഹം ചെലവഴിക്കുമെന്ന് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) അധികൃതർ വ്യക്തമാക്കി. പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജ പദ്ധതികളുടെ വിപുലീകരണത്തിനായും കൂടുതൽ നിക്ഷേപം നടത്തും.
ജല-വൈദ്യുതി പ്രസരണ, വിതരണശൃംഖലകൾ ശക്തിപ്പെടുത്താൻ 1600 കോടി ദിർഹം ചെലവഴിക്കും. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക്, ഹസ്സ്യാൻ പവർ കോംപ്ലക്സ് എന്നിവിടങ്ങളിലെ ഇൻഡിപെൻഡന്റ് പവർ പ്രൊഡ്യൂസർ (ഐ.പി.പി) പ്രോജക്ടുകൾക്കും ഹസ്സ്യാനിലെ ഇൻഡിപെൻഡന്റ് വാട്ടർ പ്രൊഡ്യൂസർ (ഐ.ഡബ്ല്യു.പി) പ്രോജക്ടിനും 1200 കോടി ചെലവഴിക്കുമെന്നും ദേവ എം.ഡി.യും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ദേവക്ക് 70 ശതമാനം ഉടമസ്ഥാവകാശമുള്ള എമിറേറ്റ്സ് സെൻട്രൽ കൂളിങ് സിസ്റ്റംസ് കോർപറേഷൻ (എം പവർ) ഡിസ്ട്രിക്ട് കൂളിങ് ശേഷി വികസനത്തിന് 300 കോടി ദിർഹം ചെലവഴിക്കാനും പദ്ധതിയുണ്ട്.
സുസ്ഥിരവികസനം നടപ്പാക്കുന്നതിന് നൂതന അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരാനാണ് ദേവയുടെ പദ്ധതി. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിന് ദീർഘവീക്ഷണത്തോടെ പുതിയ പദ്ധതികൾ പ്രാവർത്തികമാക്കുമെന്നും പുനരുത്പാദനശേഷി വർധിപ്പിക്കാൻ മേഖലയിൽ തുടർനിക്ഷേപങ്ങൾ നടത്തുമെന്നും അൽതായർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.