സ്പോർട്സ് ഹബായി ദുബൈ
text_fieldsദുബൈ: വമ്പൻ കായിക മാമാങ്കങ്ങൾക്ക് വേദിയായും മുൻനിര താരങ്ങളെ ആകർഷിച്ചും ദുബൈ സ്പോർട്സ് ലോകത്തിെൻറ കേന്ദ്രമാകുന്നു. കോവിഡിനിടയിലും കായികപ്രേമികൾക്കും താരങ്ങൾക്കും ആശ്വാസവും പ്രതീക്ഷയുമായി നിലകൊണ്ടാണ് ഈ വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. എമിറേറ്റിെൻറ സമ്പദ്വ്യവസ്ഥക്കും ഉത്തേജനമാകാൻ കായിക മേഖലയുടെ വികാസത്തിലൂടെ സാധ്യമായതായി സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വെളിപ്പെടുത്തി. കഴിഞ്ഞ ഒരുവർഷക്കാലം ദുബൈയുടെ സാമ്പത്തിക മേഖലക്ക് നാല് ബില്യൺ ദിർഹമാണ് സ്പോർട്സ് മേഖല സംഭാവന ചെയ്തത്. ജീവിക്കാനും ജോലി ചെയ്യാനും മികച്ച സൗകര്യങ്ങളുള്ള നഗരമാക്കി യു.എ.ഇയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിനനുസരിച്ച് സർക്കാർ സ്വീകരിച്ച സമീപനമാണ് വളർച്ചക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ വരുമാനത്തിൽ കായിക മേഖല നൽകുന്ന സംഭാവന ഓരോ വർഷവും വർധിക്കുകയാണെന്നും കൂടുതൽ നിക്ഷേപങ്ങളും അതിലൂടെ കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ശൈഖ് മൻസൂർ പറഞ്ഞു. ഇരുപതിനായിരം തൊഴിലവസരങ്ങളാണ് മേഖലയിൽ സൃഷ്ടിക്കപ്പെട്ടത്. ദുബൈ താമസക്കാരിൽ സ്പോർട്സിനോടുള്ള താൽപര്യം കഴിഞ്ഞ വർഷങ്ങളിൽ വർധിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര, പ്രാദേശിക മൽസരങ്ങൾ എമിറേറ്റിൽ നടന്നുവരുന്നത് ഇതിന് കാരണമാകുന്നു.
400 സ്പോർട്സ് ഈവൻറ്സുകൾ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ എമിറേറ്റിൽ എത്തിയിട്ടുണ്ട്. ഇതിൽ 130എണ്ണവും അന്തരാഷ്ട്ര തലത്തിലുള്ളതായിരുന്നു.
ദുബൈ കായിക മേഖലയിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ലോക സ്പോർട്സ് വേദികളെ എമിറേറ്റിലേക്ക് ആകർഷിക്കാനുള്ള പ്രധാനകാരണം. ഫിഫയും ഐ.സി.സിയും അടക്കമുള്ള അന്തരാഷ്ട്ര കൂട്ടായ്മകൾ മൽസരങ്ങൾക്ക് ദുബൈയെ പരിഗണിക്കുന്നത് ഇതിനാലാണ്. സ്പോർട്സ് താരങ്ങളുടെ ഫിറ്റ്നസിന് ആവശ്യമായ സജ്ജീകരണങ്ങളും ധാരളമായുണ്ട്. സൈക്ലിങ് ട്രാക്ക്, റണ്ണിങ് ട്രാക്ക്, ഫിറ്റ്നസ് സെൻററുകൾ, സ്പോർട്സ് അക്കാദമികൾ എല്ലാം വിപുലമായ രീതിയിൽ തന്നെയുണ്ട്. ദിനംപ്രതി 15ലക്ഷം പേരെങ്കിലും എമിറേറ്റിൽ മാത്രം സ്പോർട്സ് ആക്ടിവിറ്റികളിൽ ഭാഗമാകുന്നതായാണ് സ്പോർട്സ് കൗൺസിലിെൻറ കണക്ക്. പുതിയ മൽസരങ്ങളും പരിപാടികളും ജോലി സാധ്യതകളും തുറന്നിടുന്നുണ്ട്. അതിനൊപ്പം വിദേശ താരങ്ങൾ, ആരാധകർ, മാധ്യമപ്രവർത്തകർ എന്നിവരുടെ വരവും സാമ്പത്തിക മേഖലക്ക് ഉണർവ് പകരുന്നതാണ്.
സ്പോർട്സിന് തടസങ്ങളില്ലാത്ത നിയമം, സന്ദർശകർക്കും സഞ്ചാരികൾക്കും ലഭിക്കുന്ന ലോകോത്തര സജ്ജീകരണങ്ങൾ, കോവിഡിനെതിരായ ഫലപ്രദമായ പ്രതിരോധം എന്നിവയും ലോക സ്പോർട്സ് ഹബാകുന്നതിന് ദുബൈക്ക് സഹായമായതായി വിദഗ്ധർ വിലയിരുത്തുന്നു. ഇത്തവണ ടോക്യോ ഒളിമ്പിക്സിൽ മാറ്റുരച്ച നിരവധി പ്രമുഖർ ദുബൈയാണ് പരിശീലനത്തിന് തെരഞ്ഞെടുത്തത്. മലയാളിയായ നീന്തൽതാരം സാജൻ പ്രകാശ് അടക്കമുള്ളവർ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ മാസങ്ങളിൽ നിരവധി യൂറോപ്യൻ, ഏഷ്യൻ ഫുട്ബാൾ ക്ലബുകളും പരിശീലന കാമ്പുകൾക്ക് ഇവിടം തിരഞ്ഞെടുത്തു. അവധിക്കാലം ആഘോഷിക്കാനും നിരവധി സ്പോർട്സ് താരങ്ങളെത്തുന്നത് ദുബൈയിലാണ്.
400ലേറെ സ്പോർട്സ് അക്കാദമികൾ
ദുബൈ: എമിറേറ്റിൽ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്ന സ്പോർട്സ് അക്കാദമികൾ ദിനംപ്രതി വർധിക്കുകയാണ്. നിലവിൽ 400ലേറെ അക്കാദമികൾ ഉണ്ടെന്നാണ് കണക്ക്. ഇതിന് പുറമെ നൂറിലേറെ പൊതു-സ്വകാര്യ സ്പോർട്സ് ക്ലബുകളുമുണ്ട്.
കായിക ഉപകരണങ്ങളും വസ്ത്രങ്ങളും ഉൽപാദിപ്പിക്കുന്ന അഞ്ച് ഫാക്ടറികളും ഇത്തരം വസ്തുക്കൾ വിൽക്കുന്ന 2,500ഔട്ലെറ്റുകളും എമിറേറ്റിലുണ്ട്. വിവിധ കായിക പരിപാടികളും മൽസങ്ങളും നടത്തുന്ന 350രജിസ്ട്രേഡ് കമ്പനികളുമുണ്ട്. നീന്തൽ, പെൻറാത്ലോൺ, സൈക്ലിങ്, ടെന്നീസ്, ഫുട്ബോൾ, ബാഡ്മിൻറൺ, ക്രിക്കറ്റ്, റഗ്ബി, ഗോൾഫ് തുടങ്ങി നിരവധി കായിക ഇനങ്ങളിൽ 70 ടീമുകൾക്കായി അന്താരാഷ്ട്ര പരിശീലന ക്യാമ്പുകൾക്കും സൗഹൃദ മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.