നിരവധിപേർക്ക് ആശ്വാസമായി ദുബൈ ഇമിഗ്രേഷന്റെ ‘നന്മ ബസ്’
text_fieldsനന്മ ബസ്’സംരംഭത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നു
ദുബൈ: എമിറേറ്റിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്ന ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ‘ബസ് ഓഫ് ഗുഡ്നസ്’ സംരംഭം നിരവധിപേർക്ക് ആശ്വാസമാകുന്നു. ‘നന്മ ബസ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ദിവസവും ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ആശ്വാസമേകുന്നത്.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബൈ ചാരിറ്റി അസോസിയേഷൻ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി.
ദുബൈ എമിറേറ്റിന്റെ തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനും തഖ്ദീർ അവാർഡ് ചെയർമാനും ദുബൈ ഇമിഗ്രേഷന്റെ അസി. ഡയറക്ടറുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വർക്ക് റെഗുലേഷൻ ഡയറക്ടർ ബ്രി. ഉമ്മർ മത്വർ മസീന, കേണൽ ഖാലിദ് ഇസ്മായിൽ അടക്കമുള്ള തൊഴിൽ കാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന ഉന്നത മേധാവികളാണ് എത്തിയത്.
ദുബൈ നഗരത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന തൊഴിലാളികളെ റമദാൻ മാസത്തിൽ ചേർത്തുനിർത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
റമദാൻ മാസത്തിൽ 1.5 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദിവസവും 5,000 പൊതികൾ ജബൽ അലി, അൽ ഖൂസ്, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, മുഹൈസിന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിൽ എത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.