എക്സ്പോ 2025ൽ തിളങ്ങാൻ യു.എ.ഇ; പവലിയൻ നിർമാണം തുടങ്ങി
text_fieldsദുബൈ: ലോകശ്രദ്ധ നേടിയ ദുബൈയിലെ എക്സ്പോ 2020ക്ക് ശേഷം ജപ്പാൻ ആതിഥ്യമരുളുന്ന അടുത്ത വിശ്വമേളയിലും തിളങ്ങാൻ യു.എ.ഇ. ജപ്പാനിലെ ഒസാകയിൽ 2025ൽ അരങ്ങേറുന്ന മേളയിൽ ഇമാറാത്തി പാരമ്പര്യത്തെയും സംസ്കാരത്തെയും പ്രതിനിധാനം ചെയ്യുന്ന പവലിയൻ നിർമാണം ആരംഭിച്ചു. ഒസാകയിലെ യുമേഷിമ ദ്വീപിലാണ് എക്സ്പോ 2025ന് വേദിയൊരുങ്ങുന്നത്. 150ലേറെ രാജ്യങ്ങളും നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളും മേളയിൽ അണിനിരക്കും.
കോവിഡിനെതുടർന്ന് മുടങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 2021-22ൽ അസൂയാർഹമായ മികവോടെയാണ് യു.എ.ഇ മേള വിജയിപ്പിച്ചിരുന്നത്. 2.4 കോടി സന്ദർശകരെത്തിയ മേള, എക്സ്പോയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വിജയകരമായ പരിപാടികളിലൊന്നായിരുന്നു. ജപ്പാനിലെ എക്സ്പോ വേദിയിൽ യു.എ.ഇയുടെ പവലിയൻ ഉദ്ഘാടന ചടങ്ങിൽ ജപ്പാനിലെ യു.എ.ഇ അംബാസഡർ ശിഹാബ് അൽ ഫഹീമും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ‘നമ്മുടെ ജീവിതത്തിനായി ഭാവി സമൂഹത്തെ രൂപപ്പെടുത്തുക’ എന്നതാണ് ഒസാക മേളയുടെ തീം. എക്സ്പോ 2025 യു.എ.ഇയുടെയും ജപ്പാന്റെയും ഒരു നിർണായക നിമിഷത്തിലാണ് വരുന്നതെന്ന് സഹമന്ത്രി നൂറ അൽ കഅബി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വർധിപ്പിക്കാനും ജീവിതത്തെ ശാക്തീകരിക്കാനും എല്ലാവർക്കും സുസ്ഥിരമായ ഭാവി കൈവരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
യു.എ.ഇ സ്വന്തമായി നിർമിക്കുന്ന പവലിയൻ ഒസാക്കയിൽ നടക്കുന്ന ഇവന്റിലെ ഏറ്റവും വലിയ രാജ്യ പവലിയനുകളിൽ ഒന്നായിരിക്കും. മേളയിലെ ‘എംപവറിങ് ലൈവ്സ് സോണി’ലെ ജപ്പാൻ പവലിയന് സമീപമാണ് സ്ഥിതി ചെയ്യുക. യു.എ.ഇയും ജപ്പാനും തമ്മിലുള്ള ശാശ്വതവും സമൃദ്ധവുമായ ബന്ധത്തിന് അടിവരയിടുന്ന പങ്കാളിത്തത്തിൽ ആവേശഭരിതരാണെന്ന് അംബാസഡർ അൽ ഫഹീം പറഞ്ഞു. ഇമാറാത്തി പൈതൃകത്തെ പ്രതീകവത്കരിക്കുന്ന പ്രദർശനങ്ങളും വിവിധ പരിപാടികളും യു.എ.ഇ പവലിയനിൽ ഒരുക്കും. ഈത്തപ്പന തടികൾപോലുള്ള തൂണുകളാൽ അലങ്കരിച്ച രീതിയിലാണ് പവലിയന്റെ രൂപകൽപന പുറത്തുവിട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.