വിലപ്പെട്ട സമ്മാനമാണീ സന്ദർശന മുദ്രകൾ
text_fieldsലോകം അത്യധികം പ്രതീക്ഷയോടെ കാത്തിരുന്ന എക്സ്പോ 2020 ദുബൈയിൽ ആദ്യദിനം തന്നെ സന്ദർശിക്കാൻ സാധിച്ച ഒരാളാണ് ഞാൻ. ഏറെ നാളത്തെ ആകാംക്ഷക്ക് അറുതിവരുത്തി വന്നെത്തിയ മേള കാണാനായതിൽ ഏറെ സന്തോഷമുണ്ട്. ഒരു ദിവസത്തെ സന്ദർശനത്തിൽ എട്ടു പവലിയനുകൾ മാത്രമാണ് കാണാനായത്. 192 രാജ്യങ്ങളുടെയും മറ്റും പവലിയനുകളെല്ലാം കണ്ടുതീർക്കാൻ ഇനിയും പലവട്ടം പോകേണ്ടിവരും. ഇന്ത്യയുടെ പവലിയനടക്കമാണ് ആദ്യദിനത്തിൽ കയറിയിറങ്ങിയത്. കണ്ട കാഴ്ചകളെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് ഉറപ്പിച്ചു പറയാനാകും.
മേള നഗരിയുടെ അന്തരീക്ഷവും പൊതുവായ പവലിയനുകളും എല്ലാം ആകർഷകം തന്നെയാണ്. യു.എ.ഇ എന്ന ഇൗ രാജ്യം എത്രത്തോളം മനോഹരമായും ലോകനിലവാരത്തിലുമാണ് സജ്ജീകരണങ്ങളെല്ലാം നടത്തിയതെന്നും നേരിട്ടറിയാനായി. മാതൃരാജ്യമായ ഇന്ത്യയുടെ പവലിയനിൽ നമ്മുടെ നാടിെൻറ പൈതൃകങ്ങളായ കലാരൂപങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഞാൻ സന്ദർശിച്ച ന്യൂസിലൻഡ് പവലിയനിൽ പ്രവേശിച്ചപ്പോൾ കേരളത്തിൽ ഇടിയോടു കൂടിയ മഴക്കാലത്ത് എത്തിയോ എന്നൊരു സംശയമുദിച്ചു. ആരൂപത്തിലായിരുന്നു പവലിയൻ ഒരുക്കിയത്. പിന്നീട് ജർമനിയിലേക്ക് പ്രവേശിച്ചപ്പോൾ പുതിയ ടെക്നോളജിയാൽ തീർത്ത വിസ്മയം തന്നെയായിരുന്നു.
അമേരിക്കൻ പവലിയനിൽ കഴിഞ്ഞ നൂറ്റാണ്ടുകളിലൂടെ ആ രാജ്യം കടന്നുപോയ ചരിത്ര നിമിഷങ്ങളെ പുനരാവിഷ്കരിച്ച കാഴ്ച കാണാനായി. ശാസ്ത്ര സാങ്കേതിക രംഗത്തും ബഹിരാകാശാത്ത രംഗത്തും അമേരിക്ക കൈവരിച്ച നേട്ടങ്ങളും പ്രദർശനത്തിൽ നിന്ന് വായിച്ചെടുക്കാനായി.
പവലിയനിൽ നിന്ന് പുറത്തിറങ്ങുേമ്പാൾ കാണുന്ന കൂറ്റൻ റോക്കറ്റ് മാതൃകയും ആരെയും ആകർഷിക്കുന്നതാണ്. തുടർന്ന് തികച്ചും വ്യത്യസ്തമായ ആഫ്രിക്കൻ രാജ്യമായ കെനിയയുടെ പ്രദർശനം കാണാനായി. പ്രധാന പഴവർഗ കൃഷികളും അവരുടെ ചരിത്ര പുരുഷ വനിതകളെ വർണിച്ചുള്ള അവതരണങ്ങളുമായാണ് കെനിയ സന്ദർശകരെ സ്വീകരിക്കുന്നത്.
സന്ദർശിച്ച രാജ്യങ്ങളുടെ മുദ്ര എക്സ്പോ പാസ്പോർട്ടിൽ പതിയുമ്പോൾ എക്കാലത്തേക്കും സൂക്ഷിച്ചു വെക്കാനുള്ള ഏറ്റവും വിലപ്പെട്ട സമ്മാനമാണെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തു മുതൽ ആരംഭിച്ച് രാത്രി 10വരെ എക്സ്പോ നഗരിയിൽ െചലവഴിച്ചപ്പോൾ ആദ്യദിന തിരക്ക് കാരണം പോറ്റമ്മയായ യു.എ.ഇ അടക്കമുള്ള പ്രധാനപ്പെട്ട പല രാജ്യങ്ങളുടെയും പവലിയൻ സന്ദർശനം സാധ്യമായിട്ടില്ല. അതിനാൽ തുടർയാത്രക്ക് മനസ്സുറപ്പിച്ചാണ് നഗരി വിട്ടത്.
നവാസ് കഞ്ചിയിൽ തൃക്കരിപ്പൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.