അനിശ്ചിതത്വത്തിന് ഒടുവിൽ അഫ്ഗാൻ പവലിയൻ
text_fieldsദുബൈ: വിശ്വമേളയിൽ അനിശ്ചിതത്വത്തിന് ഒടുവിൽ അഫ്ഗാനിസ്താൻ പവലിയൻ തുറന്നു. എക്സ്പോയിൽ പങ്കാളിത്തം ഉറപ്പിച്ചത് അഫ്ഗാെൻറ പഴയ സർക്കാറായിരുന്നു. താലിബാൻ ഭരണം പിടിച്ചതിനെ തുടർന്ന് ആര് പവലിയൻ തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുക്കുകയുണ്ടായി.
ഒടുവിൽ അന്താരാഷ്ട്രമേളകൾ സംഘടിപ്പിക്കുന്ന അഫ്ഗാൻ പൗരൻ പവലിയൻ ഏറ്റെടുത്ത് രംഗത്തെത്തുകയായിരുന്നു. മുഹമ്മദ് ഉമർ റഹീമി എന്നയാളാണ് പവലിയൻ മേൽനോട്ടം വഹിക്കുന്നത്.
അഫ്ഗാനിലെ വിവിധ പ്രവിശ്യകളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ ശേഖരമടക്കം നിരവധി സാസ്കാരിക ശേഖരങ്ങൾ പവലിയനിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അപൂർവയിനം കല്ലുകളും പുരാവസ്തുശേഖരവും റഹീമിതന്നെയാണ് അഫ്ഗാൻ പവലിയനിൽ എത്തിച്ചത്. ഒാസ്ട്രിയയിലെ വിയന്നയിൽ താമസക്കാരനാണ് റഹീമി.
അതേസമയം, നിലവിൽ രാജ്യത്തിെൻറ ഒരു പതാകയും പവലിയനിൽ സ്ഥാപിച്ചിട്ടില്ല. നേരത്തെ നിലവിലുണ്ടായിരുന്ന പതാക താലിബാൻ മാറ്റിയ സാഹചര്യത്തിൽ പതാകയുടെ പേരിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കുന്നത് ഒഴിവാക്കാനാണിതെന്ന് കരുതുന്നു.
പവലിയൻ പൂർണമായും ജനങ്ങളുടെ പവലിയനാണെന്ന് റഹീമി ഇതുസംബന്ധിച്ച് പ്രതികരിച്ചു. എക്സ്പോയിലെ സുസ്ഥിരത ഡിസ്ട്രിക്ടിലാണ് പവലിയൻ സ്ഥിതിചെയ്യുന്നത്. വ്യാഴാഴ്ച നിരവധി സന്ദർശകർ പ്രദർശനം കാണാൻ പവലിയനിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.