ദുബൈ എക്സ്പോ 2020: സുസ്ഥിരത ഉറപ്പാക്കാൻ മലേഷ്യ 'മഴക്കാടുകളുടെ മേലാപ്പ്' തീർക്കുന്നു
text_fieldsദുബൈ: സുസ്ഥിരത വികസനത്തോടുള്ള പ്രതിബദ്ധത എടുത്തുകാട്ടി, ദുബൈ എക്സ്പോ 2020യിൽ 'മഴക്കാടുകളുടെ മേലാപ്പ്' ആശയത്തിൽ മലേഷ്യ ഒരുക്കുന്ന പവലിയൻ വിശദാംശങ്ങൾ അധികൃതർ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവർത്തിത്വ ബന്ധത്തിലൂടെ സുസ്ഥിരത വളർത്തിയെടുക്കാനുള്ള മലേഷ്യയുടെ പ്രതിബദ്ധതയാണ് പവലിയെൻറ കേന്ദ്രബിന്ദു. പാരിസ്ഥിതിക സംരക്ഷണത്തിലൂടെ സാമൂഹിക-സാമ്പത്തിക പുരോഗതിയെ സന്തുലിതമാക്കാനുള്ള രാജ്യത്തിെൻറ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന 'സുസ്ഥിരതയെ ശക്തിപ്പെടുത്തുക' എന്ന തീമിലാണ് ലോകത്തിലെ വിസ്മയങ്ങൾ തെളിയുന്ന ദുബൈ എക്സ്പോ നഗരിയിൽ മലേഷ്യ പവലിയൻ പൂർത്തിയാക്കുന്നത്. ആഗോള താപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും കാലത്ത് സുസ്ഥിര ജീവിതത്തിെൻറയും പരിസ്ഥിതി സംരക്ഷണത്തിെൻറയും സന്ദേശം അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായിരിക്കും മലേഷ്യൻ പവലിയൻ.
1234.05 ചതുരശ്ര മീറ്ററില്‍ തയാറാക്കുന്ന പവലിയന് എക്സ്പോയിലെ ആദ്യ 'സീറോ കാര്‍ബണ്‍' സംരംഭമായിരിക്കുമെന്ന് യു.എ.ഇയിലെ മലേഷ്യന്‍ അംബാസഡര്‍ മുഹമ്മദ് താരിദ് സുഫിയാന് ചൂണ്ടിക്കാട്ടി. മലേഷ്യയെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും പകർച്ചവ്യാധിയുടെ ആഘാതത്തെ മറികടക്കുന്നതിനും സുസ്ഥിര പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുള്ള തന്ത്രപരമായ വേദിയാണ് എക്സ്പോ 2020. വെല്ലുവിളികൾ പരിധികളില്ലാതെ ഏറ്റെടുക്കുന്നതിന് മുന്നിട്ടിറങ്ങുന്ന യു.എ.ഇയുടെ ഇച്ഛാശക്തി അഭിനന്ദമർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകത്തിന് സന്തുലിത വികസനം സംബന്ധിച്ച പുതിയ ആശയങ്ങള്‍ പകര്‍ന്നുനല്‍കുക കൂടി മലേഷ്യ പവലിയനിലൂടെ ലക്ഷ്യമിടുന്നതായി അംബാസഡര്‍ വ്യക്തമാക്കി.
യു.എ.ഇയും മലേഷ്യയും തമ്മിലുള്ള വാണിജ്യ നിക്ഷേപ ബന്ധങ്ങളും എക്സ്പോയിലൂടെ കൂടുതല്‍ ശക്തമാവുമെന്ന് മലേഷ്യന്‍ അംബാസഡര്‍ പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ മലേഷ്യക്ക് ഏറ്റവുമധികം വ്യാപാര ബന്ധവും കയറ്റുമതിയുമുള്ളത് യു.എ.ഇയുമായാണ്. ഒപ്പം മലേഷ്യയുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും എക്സ്പോ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മലേഷ്യന്‍ പവലിയനിൽ 22 മന്ത്രാലയങ്ങളുടെയും 40 ഏജന്‍സികളുടെയും അഞ്ച് സ്റ്റേറ്റ് ഗവണ്മെൻറുകളുടെയും സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്. ഇവയെല്ലാം കൂടി 26 പ്രതിവാര വാണിജ്യ - വ്യാവസായിക പരിപാടികള്‍ എക്സ്പോ നടക്കുന്ന ആറ് മാസങ്ങളിലായി സംഘടിപ്പിക്കും. ഒപ്പം കുറഞ്ഞത് 200 മലേഷ്യന്‍ വ്യാപാര പ്രതിനിധി സംഘങ്ങളെങ്കിലും എക്സ്പോയുടെ ഭാഗമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആറ് ക്ലസ്റ്ററുകളിലുള്ള 10 വ്യത്യസ്ത വ്യാപാര സംരംഭങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്താനാണ് പവലിയന് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുഭൂമിയുടെ നടുവിലുള്ള 'മഴക്കാടുകളുടെ മേലാപ്പ്' ആശയം സന്ദർശകർക്ക് വേറിട്ട അനുഭവം തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൃക്ഷക്കൂട്ടങ്ങൾകൊണ്ട് സമ്പന്നമായ സസ്യജന്തുജാലങ്ങളും അതിനിടയിലൂടെ ഒഴുകുന്ന നദിയും കാഴ്ചക്കാർക്ക് നല്ല വിരുന്നായിരിക്കും. പ്രകൃതിയുടെ അനുഭവം പുനരുജ്ജീവിപ്പിക്കുക, അത് മനുഷ്യരാശിയെ എങ്ങനെ സംരക്ഷിച്ചുവെന്ന് പ്രതിഫലിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് മലേഷ്യന്‍ ഗ്രീന്‍ ടെക്നോളജി ആൻഡ് ക്ലൈമറ്റ് ചേഞ്ച് സെൻറര്‍ സി.ഇ.ഒ ശംസുല്‍ ബഹാര്‍ മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.