13 ദിവസം, 640 കി.മീറ്റർ; ഏറ്റവും വലിയ മരുഭൂ കാരവന് എക്സ്പോയിൽ സമാപനം
text_fieldsദുബൈ: പരമ്പരാഗത ബദവി വസ്ത്രങ്ങൾ ധരിച്ച്, മരുഭൂമിയുടെ ചൂടും തണുപ്പും അനുഭവിച്ച് 29 അംഗ സംഘം നടത്തിയ ഐതിഹാസിക മരുഭൂയാത്രക്ക് എക്സ്പോ 2020 ദുബൈയിൽ സമാപനമായി. അബൂദബിയിലെ പടിഞ്ഞാറൻ ഭാഗമായ ലിവ മരുഭൂമിയിൽനിന്ന് ആരംഭിച്ച് 13 ദിവസത്തെ യാത്ര 640 കി. മീറ്റർ ദൂരം പിന്നിട്ടാണ് വിശ്വമേളയിൽ എത്തിച്ചേർന്നത്. 21വ്യത്യസ്ത രാജ്യങ്ങളിൽനിന്നെത്തിയ ഒട്ടക യാത്രികർക്കായി ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെൻററാണ് ഏറ്റവും വലിയ മരുഭൂ കാരവൻ സംഘടിപ്പിച്ചത്. എക്സ്പോയിലെത്തിയ സംഘാംഗങ്ങളെ ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്. നഗരിയുടെ ഗേറ്റ് കടന്നു വരുന്ന സമയത്ത് ഇഗ്ലീഷിലും അറബിയിലും കാഴ്ചക്കാർ സ്വാഗതമോതി. സ്പെയിൻ, ദക്ഷിണ കൊറിയ, ജർമനി, ബ്രിട്ടൻ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ളവർ യാത്ര സംഘത്തിലുണ്ടായിരുന്നു. കൂട്ടത്തിൽ ജർമനിയിൽനിന്നുള്ള അമ്മയും മകളും ഉൾപ്പെടും.
അറേബ്യയുടെ പൈതൃക ജീവിതത്തെ തിരിച്ചറിയാൻ ആരംഭിച്ച മരുഭൂ യാത്രയുടെ എട്ടാമത്തെ എഡിഷനാണ് ഇത്തവണ നടന്നത്. ആദ്യകാലത്ത് സ്വദേശികൾക്ക് മാത്രമായിരുന്ന യാത്രയിൽ പിന്നീട് താൽപര്യപൂർവം വിദേശികളും അണിചേരുകയായിരുന്നു. യാത്രയിൽ പങ്കെടുക്കുന്നവർതന്നെയാണ് 13 ദിവസവും ഒട്ടകങ്ങൾക്ക് തീറ്റ കൊടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തത്. 13കാരിയായ എമീലിയയാണ് ഇത്തവണ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. യാത്ര ശാരീരികവും മാനസികവുമായ കഴിവിന് വെല്ലുവിളിയായിരുന്നെങ്കിലും ട്രക്കിങ് അവസാനിച്ചപ്പോൾ കൂടുതൽ ശക്തനായതായാണ് തോന്നുന്നതെന്ന് സംഘാംഗമായ ഗ്യൂൽ ബാങ് എന്ന ദക്ഷിണാഫ്രിക്കൻ സ്വദേശി പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സാഹസിക യാത്രികരെ അഭിവാദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.