ആടാനും പാടാനും ആവോളം ആസ്വദിക്കാനും എക്സ്പോ
text_fieldsലോകം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എക്സ്പോ 2020 ദുബൈ ലോകോത്തര സർഗ പ്രതിഭകളുടെ സംഗമവേദിയാകും. വിവിധ ദേശങ്ങളിലെ സംസ്കാരവും കലയും പരിചയപ്പെടാനും ആവോളം ആസ്വദിക്കാനും ഓരോദിവസവും വൈവിധ്യം നിറഞ്ഞ പരിപാടികൾ മേളയുടെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. എ.ആർ റഹ്മാൻ ഉൾപ്പെടെ സംഗീത ലോകത്തെ ചക്രവർത്തിമാർ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ക്ലാസിക്കൽ, മോഡേൺ, ഫോക്ലോർ കലാരൂപങ്ങളെല്ലാം അരങ്ങിലെത്തും. ലോകത്തിലെ എല്ലാ കലാരൂപങ്ങളും സന്ദർശകർക്ക് അനുഭവിക്കാൻ കഴിയുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. രാവിലെയും വൈകീട്ടുമാണ് കലാപരിപാടികൾ നടക്കുക. സാധാരണ ദിവസങ്ങളിൽ രാത്രി 12മണിവരെയും വാരാന്ത്യ അവധികളിൽ പുലർച്ചെ രണ്ടുവരെയും കലാപരിപാടികൾ അരങ്ങേറും. രാവിലെ 10മുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. മേളയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങൾ സജ്ജീകരിച്ച പവലിയനിലും എക്സ്പോയുടെ കേന്ദ്ര സ്ഥാനമായ അൽ വസ്ൽ പ്ലാസയിലും പരിപാടികൾ പ്രത്യേകം പ്രത്യേകമായി ഉണ്ടാകും. റഷ്യൻ ബോൾഷോയ് ബാലെ, അറേബ്യൻ പരമ്പരാഗത സംഗീതവും നൃത്തവും, ആഫ്രിക്കൻ ഫോക്ലോർ കലാരൂപങ്ങൾ, ഫിലിപ്പീൻസ്, ഹവായ്, കബീരിയൻ നൃത്തം എന്നിവയടക്കം വൈവിധ്യങ്ങൾ ആസ്വാദകർക്ക് മുന്നിലെത്തുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
എല്ലാ ദിവസവും അൽ വസ്ൽ പ്ലാസയിൽ നൃത്തവും സംഗീതവും അവതരിപ്പിക്കപ്പെടും. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും നൃത്ത സംഘങ്ങളും ഇതിനായി ഒരുങ്ങിക്കൊണ്ടിരിക്കയാണ്. തിയറ്ററുകളിലും സ്റ്റേജുകളിലും കലാകാരന്മാരോടും പ്രതിഭകളോടും സന്ദർശകർക്ക് സംവദിക്കാനും അവസരമുണ്ടാകും. എ.ആർ റഹ്മാെൻറ മേൽനോട്ടത്തിൽ ഫിർദൗസ്(സ്വർഗം) എന്നപേരിൽ വനിതകളുടെ ഓർകസ്ട്ര ഒരുങ്ങുന്നുണ്ട്. സുപ്രധാന വേദിയിൽ ഇവരുടെ പരിപാടി അവതരിപ്പിക്കപ്പെടും. അറബ് സംഗീതജഞൻ ഹുസൈൻ അൽ ജാസിമി, ഇറ്റാലിയൻ പിയാനിസ്റ്റ് ലുഡോവിക്കോ ഇനൗഡി, ഗായിക മരിയ കാരി, ദക്ഷിണ കൊറിയൻ ഹിപ്ഹോപ് ട്രൂപ്പ് 'സ്ട്രേ കിഡ്സ്', അമേരിക്കൻ റാപ്പർ വിൽ ഐആം എന്നിവർ എക്സ്പോയിലെത്തുന്ന പ്രതിഭകളിൽ ചിലരാണ്. ഒരോമാസത്തെയും ശ്രദ്ധേയമായ പരിപാടികളുടെ കൃത്യമായ കലണ്ടർ സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്. ഇത് എക്സ്പോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധികും. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോ ആറു മാസം നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.