മറക്കാനാവാത്ത മാസ്മരിക മേള
text_fieldsദുബൈ എക്സ്പോ സന്ദർശന അനുഭവം അനീസ ഇംത്യാസ് വിവരിക്കുന്നു
ഒക്ടോബറിലെ അവസാന ആഴ്ചകളിലാണ് അജ്മാനിൽനിന്നും കാഴ്ചകളുടെ മായാലോകമായ എക്സ്പോ 2020 സന്ദർശിച്ചത്. യാത്രകൾ ഇഷ്ടപ്പെടുന്ന ഞാനും കുടുംബവും 192 രാജ്യങ്ങളിലൂടെ യാത്ര കഴിഞ്ഞെത്തിയ പ്രതീതിയിലാണ് ഇപ്പോഴും. എത്രയെത്ര രാജ്യങ്ങളുടെ വേഷങ്ങളും സംസ്കാരവുമാണ് തൊട്ടറിഞ്ഞത്.
ആദ്യദിവസം സസ്റ്റെയ്നബിലിറ്റി പവിലിയനിൽ നിന്നാണ് യാത്ര തുടങ്ങിയത്. അന്നുതന്നെ സന്ദർശിച്ച ജർമൻ പവിലിയനിലെ അനുഭവങ്ങൾ മറക്കാനാവാത്തതാണ്. മഞ്ഞ ബോളുകൾക്കിടയിൽ(ബാൾ പിറ്റ് ) നീന്തിക്കളിച്ചതും സംഗീതത്തിെൻറ ലഹരിയിൽ ഊഞ്ഞാൽ ആടിയതുമെല്ലാം കുട്ടികൾ ഒാർത്തുപറയുന്നു.
സിംഗപ്പൂർ പവിലിയനിൽ കണ്ട വെർട്ടിക്കൽ പ്ലാേൻറഷൻ പ്രകൃതിയുടെ മനോഹാരിത മുഴുവനായും കോർത്തിണക്കി എങ്ങനെ നഗര വികസനം സാധ്യമാക്കാമെന്നു കാണിച്ചുതരുന്നു. വെള്ളം, ഭക്ഷണം, ഊർജം എന്നിവ ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കിത്തരുന്നതാണ് നെതർലൻഡ് പവിലിയൻ. ബ്രസീൽ പവിലിയെൻറ മുന്നിൽ ഒരുക്കിയ വെള്ളത്തിലൂടെ കുട്ടികൾ ആവേശത്തോടെ ഓടി നടന്നു.
പിന്നീടുള്ള ദിവസങ്ങളിൽ മൊബിലിറ്റി പവിലിയൻ, ഒപ്പർച്യുനിറ്റി പവിലിയൻ എന്നിവയും സന്ദർശിച്ചു. അങ്ങിങ്ങായി നടക്കുന്ന റോബോട്ടുകൾ കൗതുകമായിരുന്നു.
സൗദി അവരുടെ രാജ്യത്തെ എത്ര മനോഹരമായാണ് പ്രദർശിപ്പിച്ചത്. നമ്മൾ കണ്ടതും കേട്ടറിഞ്ഞതുമായ സൗദിയേയല്ല. കസാഖ്സ്താൻ മുഴുവൻ സമയവും അവരുടെ പവിലിയെൻറ മുന്നിൽ ക്യൂനിൽക്കുന്നവർക്കു വേണ്ടി ഡാൻസും പാട്ടും ഒരുക്കിയിരുന്നു. യു.എ.ഇയിലെ പ്രദർശനവും മനോഹരമായിരുന്നു. വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവരെ ആദരിച്ചതും വ്യത്യസ്തമായി. അലിഫി ഭീമാകാരങ്ങളായ പ്രതിമകളെ കണ്ട് അദ്ഭുതപ്പെട്ടു. ടെറയിലെ കാട്ടിലൂടെയുള്ള യാത്രയും രസകരമായി. സ്വിറ്റ്സർലൻഡിെൻറ ചുവന്ന പരവതാനിയിൽ കുടയും പിടിച്ചുനിന്നതും മൂടൽമഞ്ഞിനിടയിലൂടെ മലമുകളിലേക്കു കയറിയതും രസകരമായിരുന്നു.
അൽ വസ്ൽ പ്ലാസ മറ്റൊരു ശ്രദ്ധേയ കേന്ദ്രമാണ്. അവിടേക്ക് നോക്കിനിൽക്കാൻ തന്നെ ഭംഗിയാണ്. ആംഫി തിയറ്ററിൽ നടക്കുന്ന വിവിധ കലാപരിപാടികളും ആനന്ദം നൽകി. വാട്ടർ ഫീച്ചറിൽ സംഗീതത്തിനനുസരിച്ച് മുകളിൽ നിന്നും വെള്ളം ഒഴുകിയെത്തിയപ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ആനന്ദിക്കുന്നുണ്ടായിരുന്നു. ആഫ്രിക്കക്കാരുടെ നൃത്ത പരിപാടികളും ശ്രദ്ധേയമായി. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകി വിമൻസ് പവിലിയൻ ഒരുക്കിയതിൽ സന്തോഷം തോന്നി. ബെൽജിയം, റഷ്യ, ചൈന, കൊറിയ, ന്യൂസിലൻഡ് തുടങ്ങി പല രാജ്യങ്ങളുടെയും പവിലിയനുകൾ മികച്ചതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.