സുന്ദരം ഇരട്ടി മധുരമുള്ള കാഴ്ചകൾ
text_fieldsറാസൽഖൈമയിൽ താമസിക്കുന്ന ഞാനും കുടുംബവും വിശ്വമേള അഞ്ചു പ്രാവശ്യം സന്ദർശിച്ച് 40ഓളം പവലിയനുകൾ കണ്ടു. ഓരോ പ്രാവശ്യവും തികഞ്ഞ വൈവിധ്യങ്ങളും അദ്ഭുതം നിറഞ്ഞ കാഴ്ചകളും അനുഭവിക്കാനായി. 2014ൽ എക്സ്പോ പ്രഖ്യാപിച്ച സമയം മുതൽ അത് കാണുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അത് കുടുംബത്തോടൊപ്പം സാധിച്ചത് ഇരട്ടി മധുരമായി. ആദ്യ സന്ദർശനം എക്സ്പോ തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു. ലോകം ഒത്തുകൂടുന്ന ഈ മഹാനഗരിയും അതിെൻറ സംവിധാനങ്ങളും കാണാനുള്ള ആഗ്രഹമായിരുന്നു ആദ്യയാത്രയുടെ ഉദ്ദേശ്യം. പാർക്കിങ് മുതലുള്ള അവരുടെ സംവിധാനങ്ങൾ തികച്ചും അത്ഭുതപ്പെടുത്തി. എല്ലാം പഴുതടച്ച രീതിയിൽ സജ്ജീകരിച്ച സംഘാടകരെ അഭിനന്ദിക്കുക തന്നെ വേണം.
എക്സ്പോ ഉദ്ഘാടനത്തിന് ശേഷം നടത്തിയ സന്ദർശനത്തിൽ പ്രധാന കവാടത്തിന് മുന്നിൽനിന്ന് തന്നെ അത്ഭുതക്കാഴ്ചകൾ തുടങ്ങി. കവാടത്തിന് മുന്നിലുണ്ടായിരുന്ന റോബോട്ടിനെ കണ്ടപ്പോൾ മക്കൾക്ക് ഏറെ കൗതുകമായി. ആദ്യമായായിരുന്നു അത്തരമൊരു കാഴ്ച. പിന്നീട് പരിശോധന നടപടികളെല്ലാം പൂർത്തിയാക്കി കടന്നുെചന്നത് തികച്ചും ആശ്ചര്യകരമായ ലോകത്തേക്കായിരുന്നു.
ഓരോ രാജ്യത്തിെൻറയും പവലിയനുകൾ സന്ദർശിച്ചപ്പോൾ അവിടെ കാണാനായത് അവിടങ്ങളിലെ സാംസ്കാരിക വൈവിധ്യങ്ങളായിരുന്നു. ഒരോ നാടിനെയും നയിക്കുന്ന മൂല്യങ്ങളും ചരിത്രവും വേഷഭൂഷാദികളുമെല്ലാം നേരിട്ടറിയാനായി. നാലാമത്തെ സന്ദർശനത്തിൽ എ.ആർ. റഹ്മാൻ, സമി യൂസഫ് തുടങ്ങിയ സംഗീത പ്രതിഭകളുടെ സംഗീതവിരുന്ന് ആസ്വദിക്കാനും സാധിച്ചു.
എക്സ്പോ പാസ്പോർട്ട് ആയിരുന്നു മറ്റൊരു ആകർഷണം. ഓരോ പവലിയനുകൾ കയറിയിറങ്ങുമ്പോഴും എല്ലാവരും വളരെ ആവേശത്തോടെയാണ് പാസ്പോർട്ട് സ്റ്റാമ്പ് ചെയ്തിരുന്നത്. ഓരോ പവലിയനുകളും വ്യത്യസ്തവും ആകർഷകവുമായ കാഴ്ചകളാണ് സമ്മാനിച്ചത്.
ഒരുപക്ഷേ നമുക്ക് ജീവിതകാലത്ത് കണ്ടുതീർക്കാൻ സാധിക്കാത്ത നാടുകളുടെ ചെറു പതിപ്പുകളായിരുന്നു പവലിയനുകൾ. അൽ വസ്ൽ പ്ലാസയും മറ്റു സജ്ജീകരണങ്ങളുമെല്ലാം അതിശയകരം തന്നെ. മഹാമാരിക്കാലത്ത് ഇത്തരമൊരു മഹാമേള കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നത് യു.എ.ഇയുടെ മികവിെൻറ ഉദാഹരണമാണ്.
സുബൈർ മുളിയതിൽ, തിരൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.