എക്സ്പോ സമാപനം: പുലരുംവരെ ആഘോഷം...
text_fieldsദുബൈ: നാലു ദിവസങ്ങൾക്കപ്പുറം എക്സ്പോ കൊടിയിറങ്ങുമ്പോൾ അണിയറയിൽ ഒരുങ്ങുന്നത് വർണാഭമായ സമാപന പരിപാടികൾ. എക്സ്പോയുടെ ഉദ്ഘാടന ചടങ്ങിനേക്കാൾ മിഴിവുള്ള പരിപാടികളായിരിക്കും സമാപന ദിവസം നടക്കുക.
വെടിക്കെട്ട്, സംഗീത പരിപാടികൾ തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്നത്. പുലർച്ച വരെ ആഘോഷിച്ചായിരിക്കും മഹാമേളക്ക് ബൈ പറയുക. എക്സ്പോയുടെ ഉദ്ഘാടനം നടന്ന അൽ വസ്ൽ ഡോമിലായിരിക്കും സമാപന ദിവസത്തെ വിസ്മയവും അരങ്ങേറുക. ഇതിനു പുറമെ, എക്സ്പോയിലെ 20 സ്ഥലങ്ങളിൽ വലിയ സ്ക്രീനുകളിൽ തത്സമയ പ്രദർശനവുമുണ്ടാകും. 31ന് രാത്രി ഏഴിന് അൽവസ്ൽ ഡോമിൽ പരിപാടി തുടങ്ങും.
ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധേയസാന്നിധ്യമായ പെൺകുട്ടിതന്നെയായിരിക്കും സമാപനത്തിലും തുടക്കംകുറിക്കുക. യു.എ.ഇയുടെ സുവർണ ജൂബിലിയും അടുത്ത 50 വർഷത്തെ ദീർഘവീക്ഷണമുള്ള പദ്ധതികളുമെല്ലാം മിന്നിത്തിളങ്ങുന്നതാവും അൽവസ്ൽ ഡോമിലെ പരിപാടി. ഇതിന് സാക്ഷിയാവാൻ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ നൂറോളം കുട്ടികളെ ക്ഷണിച്ചിട്ടുണ്ട്. 56 രാജ്യങ്ങളിലെ 400 പ്രഫഷനൽസും വളന്റിയർമാരുമാണ് സമാപന പരിപാടി അവതരിപ്പിക്കുന്നത്. എ.ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ യു.എ.ഇയുടെ ദേശീയ ഗാനമായ 'ഈഷി ബിലാദി' മുഴങ്ങും. വനിതകൾ മാത്രമായിരിക്കും ഈ പരിപാടി അവതരിപ്പിക്കുക. പ്രശസ്ത സംഗീതജ്ഞരായ ഹറൂത്ത് ഫസ്ലിയൻ,
എലെനോറ കോൺസ്റ്റാന്റിനി എന്നിവരുടെ നേതൃത്വത്തിൽ 16 രാജ്യാന്തര സംഗീതജ്ഞർ അണിനിരക്കുന്ന ഷോയും നടക്കും. എക്സ്പോ ടി.വി വഴി തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. എക്സ്പോയുടെ പതാക അടുത്ത സീസണിലെ സംഘാടകരായ ജപ്പാന് കൈമാറുന്ന ചടങ്ങും നടക്കും.
യു.എ.ഇ സഹിഷ്ണുതകാര്യ മന്ത്രി ശൈഖ് നഹ്യാൻ മുബാറഖ് ആൽ നഹ്യാൻ ജനറൽ അസംബ്ലി ഓഫ് ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസ് പ്രസിഡന്റ് ജയ് ചുൽ ചോയ്ക്ക് പതാക കൈമാറും. അദ്ദേഹം എക്സ്പോയുടെ അടുത്ത സംഘാടകരായ ജപ്പാന്റെ പ്രതിനിധിക്ക് പതാക കൈമാറും. എക്സ്പോയുടെ പ്രധാന സ്റ്റേജിലും ഫെസ്റ്റിവൽ ഗാർഡനിലും വിവിധ രാജ്യങ്ങളുടെ പവിലിയനുകളിലും തത്സമയ സംപ്രേഷണം നടക്കും. പുലർച്ച മൂന്നിന് വെടിക്കെട്ടുണ്ടാകും. ആംഫി തിയറ്ററിലും ജൂബിലി പാർക്കിലും വിവിധ പരിപാടികൾ നടക്കും.
കനത്ത തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർ നേരത്തേ എത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ ബസ് സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ദുബൈ മെട്രോ ഓടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.