കർഷകരെ പ്രോത്സാഹിപ്പിക്കാൻ ‘ദുബൈ ഫാംസ്’ പദ്ധതി
text_fieldsദുബൈ: എമിറേറ്റിലെ കർഷകരെ പിന്തുണക്കുന്നതിനും കാർഷിക രംഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘ദുബൈ ഫാം’ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്വന്തമായി കാർഷിക പദ്ധതികൾ നടപ്പാക്കുന്ന ഇമാറാത്തികളായ കർഷകർക്ക് പിന്തുണയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യം.
എമിറേറ്റിലെ കാർഷിക മേഖലയുടെ വികസനത്തിനും വിളകളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രോത്സാഹങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഉൽപാദനക്ഷമതയുള്ള ഇമാറാത്തി കർഷകരെ പിന്തുണക്കുന്നതിനാണ് ‘ദുബൈ ഫാം’ പദ്ധതി. മുന്തിയ ഇനം വിളകൾക്കായി മികച്ച വിതരണക്കാരുമായി കരാറിലേർപ്പെടുക, പ്രാദേശിക വിപണി ആവശ്യങ്ങൾ നിവർത്തിക്കാനായി കർഷകർക്ക് മാർഗനിർദേശം നൽകുക, കീടനാശിനി സേവനങ്ങൾ ലഭ്യമാക്കുക, ലാബ് പരിശോധനകൾക്കാവശ്യമായ സഹായങ്ങൾ നൽകുക, സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങൾ ദുബൈ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുന്ന സമഗ്രപദ്ധതിക്കാണ് ഇതിലൂടെ രൂപം നൽകിയിരിക്കുന്നത്.
‘മികച്ച ഭവന ഉദ്യാനം’ കണ്ടെത്താനുള്ള മത്സരം, ഗൾഫുഡ് അഗ്രോടെക് എക്സിബിഷൻ, പ്രാദേശിക ഈത്തപ്പഴങ്ങളുടെ പ്രദർശനം തുടങ്ങിയ പദ്ധതികളും ദുബൈ ഫാമിന്റെ ഭാഗമായി നടപ്പാക്കും.
ഇതിൽ പ്രാദേശിക ഈത്തപ്പഴ വിപണിവാരം ജൂലൈയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ദുബൈ സോഷ്യൽ അജണ്ട 33യുമായി ചേർന്ന് നിൽക്കുന്നതാണ് പദ്ധതി.
ദുബൈയിലെ പ്രാദേശിക കാർഷിക രംഗത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ ശൈഖ് ഹംദാൻ ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന ലോകത്തെ മികച്ച നഗരമായി ദുബൈയെ സ്ഥാപിക്കുന്നതിനായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നതിനായി പദ്ധതി വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.