ദുബൈയിൽ രണ്ടിടങ്ങളിൽ തീപിടിത്തം
text_fieldsദുബൈ: നഗരത്തിലെ രണ്ടിടങ്ങളിൽ ശനിയാഴ്ച പുലർച്ച തീപിടിത്തം. സിവിൽ ഡിഫൻസിെൻറ സമയോചിത ഇടപെടലിനെ തുടർന്ന് വളരെ വേഗം അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതിനാൽ അപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉമ്മു റമൂളിലെ വെയർഹൗസിനാണ് തീപിടിച്ചത്. കരാർ കമ്പനിയും ഗാരേജും പ്രവർത്തിക്കുന്ന വെയർഹൗസിൽ രാവിലെ 8.50ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് ദുബൈ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. അൽ റാഷിദിയ സിവിൽ ഡിഫൻസ് സെൻററിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഏഴ് മിനിറ്റിനുള്ളിൽ കുതിച്ചെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അൽ ഖിസൈസ്, കറാമ, പോർട്ട് സെയ്ദ് സിവിൽ ഡിഫൻസ് സെൻററുകൾ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തീയണക്കുന്നതിന് പ്രവർത്തിച്ചു.
പരിക്കുകളോ മറ്റ് അപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ രണ്ടിെൻറ സമീപത്താണ് അഗ്നിബാധയേറ്റ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഉമ്മു റമൂളിന് പിന്നാലെ ദുബൈ ബിസിനസ് ബേ പരിസരത്തും ഇന്നലെ തീപിടിത്തമുണ്ടായി. ബിസിനസ് ബേ ഭാഗത്തെ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിെൻറ മുകൾഭാഗത്താണ് അഗ്നി പടർന്നത്. തീയും പുകയും ഉയരുന്നത് കണ്ടവർ വിവരമറിയച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കുതിച്ചെത്തി തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.