ആരോഗ്യസംസ്കാരം വളർത്തി ദുബൈ ഫിറ്റ്നസ് ചലഞ്ച്
text_fieldsദുബൈ: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യസംസ്കാരം വളർത്തുന്നതിൽ ദുബൈ ഫിറ്റ്നസ് ചലഞ്ചിന് വലിയ പങ്കു വഹിക്കാനായെന്ന് റിപ്പോർട്ട്. സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഓരോ വർഷവും ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തവരുടെ എണ്ണം കുതിച്ചുയരുന്നത് ഇതിന്‍റെ തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2017ലാണ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരം ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്. ഓട്ടം, സൈക്ലിങ് തുടങ്ങി ഒരു മാസം വിവിധ വ്യായാമങ്ങളിൽ ഏർപ്പെടുന്നതാണ് പരിപാടി. ആദ്യ എഡിഷനിൽ 7.86 ലക്ഷം പേരാണ് പങ്കെടുത്തതെങ്കിൽ കഴിഞ്ഞ വർഷം ഇരട്ടിയായി ഉയർന്നു. 16.50 ലക്ഷം പേരാണ് 2021ൽ പങ്കെടുത്തത്. ദുബൈ ജനസംഖ്യയുടെ പകുതിയോളം വരുമിത്. കഴിഞ്ഞ വർഷം ദുബൈ റണ്ണിൽ 1.46 ലക്ഷം പേർ ഓടിയപ്പോൾ ദുബൈ റൈഡിൽ 33,000 പേർ സൈക്കിളുമായി ശൈഖ് സായിദ് റോഡിലിറങ്ങി.
30 ദിവസം 30 മിനിറ്റ് വീതം വ്യായാമം ചെയ്യുന്ന ചലഞ്ച് 88 ശതമാനം പേരും പൂർത്തിയാക്കി. 2020ൽ ഇത് 85 ശതമാനമായിരുന്നു. 36 ശതമാനം പേരും ഒരുമണിക്കൂറിലേറെ ഇതിനായി ചെലവഴിച്ചു. 12 ശതമാനം പേർ 90 മിനിറ്റിൽ കൂടുതൽ ചെലവിട്ടു. 41 ശതമാനവും വനിതകളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. 18-39 പ്രായത്തിനിടയിലുള്ളവരായിരുന്നു ഏറെയും. ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തവരിൽ നല്ലൊരു ശതമാനം ആളുകളും വ്യായാമം തുടരുകയും മികച്ച ആരോഗ്യം നിലനിർത്തുകയും ചെയ്തു. പങ്കെടുത്തവരിൽ 93 ശതമാനം പേരും തൃപ്തരാണ്. 2020ൽ ഇത് 78 ശതമാനമായിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറാം എഡിഷൻ ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.