ദുബൈ ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 28ന്
text_fieldsദുബൈ: സ്വദേശികളുടെയും വിദേശികളുടെയും പങ്കാളിത്തംകൊണ്ട് ലോകശ്രദ്ധ നേടിയ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ ഏഴാമത് എഡിഷൻ പ്രഖ്യാപിച്ചു. ഒക്ടോബർ 28നാണ് ഇത്തവണ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ കിക്കോഫ്. ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ദുബൈ നിവാസികൾക്കൊപ്പം വിദേശികൾക്കും വിനോദസഞ്ചാരികൾക്കും പങ്കെടുക്കാം. 30 ദിവസം വ്യായാമത്തിനായി 30 മിനിറ്റ് മാറ്റിവെക്കുകയെന്നതാണ് ചലഞ്ച്. ഫിറ്റ്നസ് ചലഞ്ചിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ ദുബൈ റൈഡ് നവംബർ 12ന് നടക്കും. നവംബർ 26ന് നടക്കുന്ന ദുബൈ റണ്ണോടുകൂടിയാണ് ചലഞ്ചിന്റെ സമാപനം.
ദുബൈ നിവാസികളുടെ ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ആശയത്തിൽനിന്നാണ് 2017ൽ ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ തുടക്കം. ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിന്റെ ഭാഗമായി ജനങ്ങൾ ഓടിയും ചാടിയും സൈക്കിൾ ചവിട്ടിയും വ്യായാമങ്ങൾ ചെയ്തും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കും. കായികരംഗത്തെ പ്രോത്സാഹനവും ശാരീരിക ക്ഷമത നിലനിർത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സംരംഭങ്ങളെ പിന്തുണക്കുകയുമാണ് ചലഞ്ചിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ എഡിഷനുകളിലും വൻ ജനപങ്കാളിത്തമാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച് നേടിയത്. ആറാമത് എഡിഷനിൽ 22 ലക്ഷം പേർ ചലഞ്ചിന്റെ ഭാഗമായെന്നാണ് കണക്ക്. ദുബൈ ശൈഖ് സായിദ് റോഡിൽനിന്ന് ആരംഭിക്കുന്ന സൈക്കിൾ റൈഡിൽ 35,000 പേർ പങ്കെടുത്തിരുന്നു. ദുബൈ റണ്ണിൽ 1,93,000 പേരും പങ്കാളികളായി. ദുബൈ ഭരണാധികാരി ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധ നേടിയ ഫിറ്റ്നസ് ചലഞ്ച് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നൂകൂടിയാണ്. അടുത്ത ആഴ്ചയോടുകൂടി ചലഞ്ചിന്റെ കൂടുതൽ വിവരങ്ങളും രജിസ്ട്രേഷൻ നടപടികളും അതോറിറ്റി പുറത്തുവിടും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ നടപടികൾക്കും www.dubaifitnesschallenge.com സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.