ലോകകപ്പിന് ഫ്ലൈ ദുബൈയിൽ പറന്നത് 1.30 ലക്ഷം ഫാൻസ്
text_fieldsദുബൈ: ഖത്തറിലേക്ക് ലോകകപ്പ് കാണാൻ ഫ്ലൈ ദുബൈയിൽ യാത്രചെയ്തത് 1.30 ലക്ഷം ഫുട്ബാൾ ആരാധകർ. ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽനിന്ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 1290 വിമാന സർവിസുകളാണ് നടത്തിയത്. ലോകകപ്പ് തുടങ്ങിയ നവംബർ 21 മുതൽ ഡിസംബർ 19 വരെയുള്ള കണക്കാണിത്.
ദിവസവും 30 സർവിസുകൾ വീതം ലോകകപ്പ് കാലത്ത് ഏർപെടുത്തിയിരുന്നു. തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ട് ഷട്ടിൽ സർവിസുകൾ നടത്തി. കളിയുടെ ദിവസം പോയി അന്നുതന്നെ തിരിച്ചെത്തുന്ന രീതിയിലായിരുന്നു ഷട്ടിൽ സർവിസുകൾ. 171 രാജ്യങ്ങളിലെ യാത്രക്കാർ ദോഹയിലെത്താൻ ഷട്ടിൽ സർവിസിനെ ആശ്രയിച്ചു. ഇന്ത്യ, യു.കെ, യു.എ.ഇ, ഫ്രാൻസ്, അർജന്റീന, യു.എസ്, മൊറോക്കോ, ജോർഡൻ, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു കൂടുതലും.
ഷട്ടിൽ വിമാനങ്ങളിൽ 60 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. 50 ശതമാനം യാത്രക്കാരും യു.എ.ഇയിലെ താമസക്കാരും ബാക്കിയുള്ളവർ വിദേശത്തുനിന്നെത്തിയ സന്ദർശകരുമായിരുന്നു. ഖത്തറിലെ ഹയ്യാ സംവിധാനവുമായി ചേർന്നായിരുന്നു സർവിസ് എന്നതിനാൽ യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായില്ല. 75 ശതമാനം യാത്രക്കാരും മുൻകൂട്ടി ചെക്ക് ഇൻ ചെയ്തു. നിരവധി പേർ ഒന്നിലധികം തവണ യാത്ര ചെയ്തു.
നാലുതവണ വരെ യാത്ര ചെയ്തവരുണ്ട്. ഖത്തർ എയർവേസ് കഴിഞ്ഞാൽ ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സർവിസ് നടത്തിയത് ഫ്ലൈ ദുബൈയാണ്. ആദ്യമായാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരുദിവസം തന്നെ ഇത്രയേറെ സർവിസുകൾ നടക്കുന്നത്. ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ടീമിനെ യു.എ.ഇയിൽനിന്ന് ഖത്തറിലെത്തിച്ചതും ഫ്ലൈ ദുബൈയുടെ പ്രത്യേക വിമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.