ദുബൈയിൽ വരുന്നു; ജലത്തിനടിയിൽ ഫ്ലോട്ടിങ് മസ്ജിദ്
text_fieldsദുബൈ: വിനോദസഞ്ചാരികൾക്ക് മറ്റൊരു ആകർഷണംകൂടി നിർമിക്കാനൊരുങ്ങുകയാണ് ദുബൈ നഗരം. വെള്ളത്തിനടിയിൽ പൊങ്ങിനിൽക്കുന്ന മുസ്ലിം പള്ളി നിർമിക്കാനാണ് പദ്ധതി. ദുബൈ വാട്ടർ കനാലിലാണ് ‘അണ്ടർ വാട്ടർ ഫ്ലോട്ടിങ് മോസ്ക്’ നിർമിക്കുന്നത്. 5.5 കോടി ചെലവിൽ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റാണ് (ഐ.എ.സി.എ.ഡി) നിർമാതാക്കൾ. അടുത്ത വർഷം ആദ്യത്തോടെ പണി പൂർത്തിയാകും.
മൂന്നു നിലയുള്ള പള്ളിയാണ് നിർമിക്കുന്നത്. ആദ്യ രണ്ടു നില വെള്ളത്തിന് മുകളിലായിരിക്കും. വിനോദസഞ്ചാരികൾക്ക് വിശ്രമ സ്ഥലവും കോഫി ഷോപ്പുകളും ഉൾപ്പെടുന്നതാണ് ആദ്യ രണ്ടു നില. കൂടാതെ, വിവിധ വർക്ഷോപ്പുകളും മതപഠനക്ലാസുകളും സംഘടിപ്പിക്കാനുള്ള പ്രത്യേക ഹാളും ഇവിടെ സജ്ജമാക്കും. താഴേ നിലയാണ് വെള്ളത്തിനടിയിൽ നിർമിക്കുക. 50നും 75നും ഇടയിൽ ആളുകൾക്ക് ഒരുമിച്ച് നമസ്കരിക്കാൻ കഴിയുംവിധം വിശാലമായ ഹാളും വിശ്വാസികൾക്ക് അംഗശുദ്ധി വരുത്താനുള്ള സ്ഥലവും ഉൾപ്പെടുന്നതാണിത്.
കരയുമായി ബന്ധിപ്പിച്ചായിരിക്കും പള്ളിയുടെ നിർമാണമെന്നും ഇതിനായുള്ള രൂപകൽപന പൂർത്തിയായതായും ഐ.എ.സി.എ.ഡിയുടെ കൾചറൽ കമ്യൂണിക്കേഷൻ കൺസൽട്ടന്റ് അഹമ്മദ് ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. ദുബൈയിലെ പ്രധാനപ്പെട്ട വിനോദ ആകർഷണങ്ങളിൽ ഒന്നായിരിക്കും വെള്ളത്തിനടിയിലെ പള്ളി.
ടൂറിസ്റ്റുകൾക്ക് പള്ളി സന്ദർശിക്കാനും നമസ്കരിക്കാനുമുള്ള സൗകര്യമുണ്ടാകും. അടുത്ത വർഷത്തോടെ പണി പൂർത്തീകരിച്ച് സന്ദർശനത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. എല്ലാ മതവിശ്വാസികൾക്കും പ്രവേശനം അനുവദിക്കും.
എന്നാൽ, ഇവർ മാന്യമായതും ഇസ്ലാം മതവിശ്വാസപ്രകാരമുള്ള വസ്ത്രം ധരിക്കണം. സ്ത്രീകൾ മുഖവും തോളുകളും മറയുന്ന വസ്ത്രം ധരിക്കണം.
ജനുവരിയിൽ ത്രിമാന രൂപത്തിലുള്ള പള്ളി നിർമിക്കാനുള്ള പദ്ധതിയും ഐ.എ.സി.എ.ഡി പ്രഖ്യാപിച്ചിരുന്നു. 2000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പള്ളിയുടെ നിർമാണം ഒക്ടോബറിൽ ബർ ദുബൈയിൽ ആരംഭിക്കും. 2025ന്റെ തുടക്കത്തിൽ സന്ദർശകർക്ക് തുറന്നുകൊടുക്കാനാണ് പദ്ധതി. ഏതാണ്ട് 6000 വിശ്വാസികളെ ഉൾക്കൊള്ളുന്നതാണ് പള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.