മലയാളത്തിെൻറ യശസ്സ് ആകാശത്തോളമുയർത്തി രവികുമാർ വീണ്ടും
text_fieldsദുബൈ: ലോകത്തെ ഏറ്റവും ഉയരമാർന്ന നിർമിതിയായ ബുർജ് ഖലീഫ സന്ദർശിച്ച് മടങ്ങുന്നവർ കാണാതെ പോവില്ല അതിനു പിന്നിൽ പ്രയത്നിച്ച മഹാമനുഷ്യരുടെ ചിത്രങ്ങൾ. അവിടെ സ്ഥാപിച്ച ഫലകത്തിൽ ഒാരോ മലയാളിയും അഭിമാനത്തോടെ വായിച്ചൊരു പേരുണ്ട് ^രവി കുമാർ പി.എ. അദ്ദേഹമിപ്പോൾ എവിടെയുണ്ടാകുമെന്ന് ആലോചിക്കാത്തവരും കുറയും. അവർക്കായി പറയാം, ദുബൈ ഫ്രെയിമിലും കൈയൊപ്പു ചാർത്തി ആ പാലക്കാട്ടുകാരൻ ഇവിടെയുണ്ട്.
ഹൈഡർ എന്നറിയപ്പെട്ടിരുന്ന അർക്കാഡിസ് ഡിസൈൻ ആൻറ് കൺസൾട്ടൻസിയിൽ റസിഡൻറ് എഞ്ചിനീയറായ ഇദ്ദേഹം 2013ൽ പൈലിങ് പണികൾ ആരംഭിച്ച സമയം മുതൽ ഫ്രെയിമിൽ ജോലി ചെയ്യുന്നുണ്ട്. ലോകം കാത്തിരിക്കുന്ന വിസ്മയം പ്രതീക്ഷക്ക് തെല്ല് പോറലേൽപ്പിക്കാതെ തയ്യാറാക്കണമെന്ന ദുബൈ അധികൃതരുടെ നിർദേശത്തെ പരിപൂർണ അളവിൽ പാലിക്കാനായ സംഘത്തിൽ അംഗമായതിെൻറ ആഹ്ലാദത്തിലാണ് രവി കുമാർ ഇപ്പോൾ. ഫ്രെയിമിെൻറ മുകൾ തട്ട് തയ്യാറാക്കി ഇത്ര ഉയരത്തിൽ എത്തിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ദുബൈ നഗരസഭ ഡയറക്ടർ ജനറൽ നാസർ ലൂത്ത ഉൾപ്പെടെയുള്ള അധികൃതർ സമയാസമയങ്ങളിൽ നിർദേശങ്ങൾ നൽകാനും വിലയിരുത്തൽ നടത്താനുമെത്തി. ഒടുവിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമും കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും കഴിഞ്ഞ ദിവസം ഫ്രെയിം സന്ദർശിക്കുകയും നിർമാണ നിർവഹണം നടത്തിയ ഉദ്യോഗസ്ഥരെ ഒരുമിച്ചു നിർത്തി ചിത്രമെടുക്കുകയും ചെയ്തതിൽ പിന്നെ രവി കുമാർ നിലത്തൊന്നുമല്ല. ഭരണാധികാരിയുമൊന്നിച്ചുള്ള ചിത്രം കണ്ട് ആദ്യം അഭിനന്ദനമറിയിച്ചത് ഒറ്റപ്പാലം എൻ.എസ്.എസ് കോളജിൽ ഒരുമിച്ചു പഠിച്ച സംവിധായകൻ ലാൽജോസ്. അടുത്ത ദുബൈ വരവിൽ ഫ്രെയിം കാണണമെന്നും ലാൽജോസ് ഉറപ്പിച്ചു. വ്യാഴാഴ്ച ഫ്രെയിം സന്ദർശിച്ച മാധ്യമ പ്രവർത്തകരും രവിയെ പൊതിഞ്ഞു.
പാലക്കാട് കേരളശ്ശേരിയിലെ അറുമുഖെൻറയും കല്യാണിയുടെയും മകനായ രവികുമാർ കണ്ണൂർ എഞ്ചിനീയറിംങ് കോളജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 92 ൽ ദുബൈയിലെത്തി. ദുബൈ െഫ്രയിമിനും ബുർജ് ഖലീഫക്കും മുൻപേ തുടങ്ങിയതാണ് അംബരചുംബികളുമായുള്ള ബന്ധം. 2000ൽ പൂർത്തിയായ എമിറേറ്റ്സ് ടവറിെൻറ നിർമിതിയിലും ഭാഗമായിരുന്നു. ആകാശത്തോടുള്ള സ്നേഹം എത്രയുണ്ടെന്നറിയാൻ മക്കളുടെ പേര് ചോദിച്ചു നോക്കിയാൽ മതി. വിഹായസ്, നഭസ്സ്. കുന്നത്തൂർ മേട്ടിൽ വീടു നിർമിച്ചപ്പോൾ ഭാര്യ സ്മിതയുടെ കൂടി സമ്മതത്തോടെ നാമകരണം ചെയ്തു^ ഗഗനം.
ഇനി എന്താണ് അടുത്ത പ്രോജക്ട് ? ആ അത് കമ്പനി തീരുമാനിക്കുന്നതു പോലെ, അത്രയും പറഞ്ഞ് രവികുമാർ ആകാശത്തേക്ക് നോക്കി പുഞ്ചിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.