ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ
text_fieldsകോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്
ദുബൈ: ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയ സംഘത്തെ ദുൈബ പൊലീസ് അറസ്റ്റ് ചെയ്തു. 150ഓളം പേരെ മോഹന വാഗ്ദാനങ്ങൾ നൽകി തട്ടിപ്പിനിരയാക്കിയ സംഘമാണ് പിടിയിലായത്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരെ ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പെന്ന് ദുബൈ പൊലീസ് സി.ഐ.ഡി വിഭാഗം ഡയറക്ടർ ജമാൽ സാലിം അൽ ജലഫ് പറഞ്ഞു.
വ്യാജ റിക്രൂട്ട്മെൻറ് ഏജൻസികളുടെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഉദ്യോഗാർഥികളെ ആകർഷിച്ചത്. കോവിഡ് കാലത്ത് ജോലിക്കായി അലയുന്നവരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലും. മികച്ച സ്ഥാപനത്തിൽ ജോലിയും ശമ്പളവുമായിരുന്നു ഇവരുടെ വാഗ്ദാനം. അഭിമുഖം, ബുക്കിങ്, റിക്രൂട്ട്മെൻറ്, നികുതി എന്നിവക്ക് ഫീസ് നൽകണമെന്ന് നിർദേശിച്ച് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.
ഇന്ത്യക്കാർക്കടക്കം പണം നഷ്ടമായിട്ടുണ്ടെന്ന് സംശയമുണ്ട്. വ്യാജ റിക്രൂട്ട്മെൻറ് ഏജൻസി രൂപവത്കരിച്ച് തട്ടിപ്പ് നടക്കുന്നതായി ഇക്കോണമിക് ക്രൈംസ് കൺട്രോൾ വിഭാഗത്തിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. ഏഷ്യൻ സ്വദേശിയുടെ നേതൃത്വത്തിൽ ദുബൈ കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വിവരം. ദുബൈ പൊലീസിെൻറ സി.ഐ.ഡി വകുപ്പ് പ്രത്യേക സംഘമുണ്ടാക്കി അന്വേഷണം തുടങ്ങി. വ്യാജ പരസ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
1000 മുതൽ 3000 ദിർഹം വരെ ശമ്പളം നൽകാമെന്ന് പരസ്യത്തിൽ വാഗ്ദാനമുണ്ടായിരുന്നുവെന്ന് ഇക്കോണമിക് ക്രൈംസ് കൺട്രോൾ വിഭാഗം ഡയറക്ടർ സലാ ജുമാ ബൂസയ്ബ പറഞ്ഞു. വിസിറ്റിങ് വിസയിൽ നിന്ന് റെസിഡൻസി വിസയിലേക്ക് മാറാൻ എന്ന പേരിലും പണം കൈക്കലാക്കി. 3000 ദിർഹം വരെ നഷ്ടമായ ഉദ്യോഗാർഥികളുമുണ്ട്. അഭിമുഖത്തിനായി സ്ഥാപനത്തിൽ എത്തിയപ്പോഴാണ് പലരും ഇങ്ങനൊരു ഏജൻസി ഇല്ലെന്ന് അറിഞ്ഞത്. സംഘം പ്രവർത്തിച്ചിരുന്ന ഓഫിസ് റെയ്ഡ് ചെയ്താണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ആൻറി ഫ്രോഡ് വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ അഹ്മദ് സുഹൈൽ അൽ സമാഹി പറഞ്ഞു. അനധികൃത പ്രവർത്തനത്തിനായി ഉപയോഗിച്ച രസീതുകളും സ്ലിപ്പുകളും ഇവിടെ നിന്ന് കണ്ടെടുത്തു. യഥാർഥ ഏജൻസികൾ പണം ചോദിക്കില്ലെന്നും തട്ടിപ്പിൽ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.