ദുബൈ ഗ്ലോബൽ വില്ലേജ് മാധ്യമപുരസ്കാരം ‘ഗൾഫ് മാധ്യമ’ത്തിന്
text_fieldsദുബൈ: ദുബൈ സർക്കാറിന്‍റെ ഗ്ലോബൽ വില്ലേജ് അന്താരാഷ്ട്ര മാധ്യമപുരസ്കാരം ‘ഗൾഫ് മാധ്യമ’ത്തിന്. ഇതരഭാഷാ പത്രങ്ങളിലെ സമഗ്ര കവറേജിന് ‘ഗൾഫ് മാധ്യമം’ മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളിക്കാണ് പുരസ്കാരം. 13,000 ദിർഹമിന്‍റെ (2.85 ലക്ഷം രൂപ) സ്വർണപ്പതക്കവും ഫലകവുമാണ് പുരസ്കാരം.
സോഷ്യൽ മീഡിയ ഇംപാക്ട് വിഭാഗത്തിൽ ‘മീഡിയവൺ’ പ്രിൻസിപ്പൽ കറൻസ്പോണ്ടന്‍റ് ഷിനോജ് ഷംസുദ്ദീനും അവാർഡ് നേടി. ദുബൈ ഗ്ലോബൽ വില്ലേജിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹിയിൽനിന്ന് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി.
അവാർഡ് പട്ടികയിലുള്ള ഏക ഇന്ത്യൻ ദിനപത്രം ‘ഗൾഫ് മാധ്യമ’മാണ്. തുടർച്ചയായ രണ്ടാം തവണയാണ് ‘ഗൾഫ് മാധ്യമ’ത്തിന് പുരസ്കാരം ലഭിക്കുന്നത്. വിവിധ ലോക രാജ്യങ്ങൾ സംഗമിച്ച ആഗോള മേളയായ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസണിലെ മികച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരം.
2014 മുതൽ ‘മാധ്യമം’ പത്രാധിപ സമിതി അംഗമാണ് സാലിഹ്. വടകര കോട്ടപ്പള്ളിയിലെ തലവഞ്ചേരി മീത്തൽ ഇബ്രാഹീമിന്‍റെയും മർയമിന്‍റെയും മകനാണ്. ഹാദിയയാണ് ഭാര്യ. അമൻ ഇബ്രാഹീം, അയാൻ സൂഫി, ആമിന സിദ്ർ എന്നിവർ മക്കളാണ്.
തൃശൂർ എടത്തിരുത്തി കുട്ടമംഗലം പരേതനായ കുഞ്ഞിമാക്കച്ചാലിൽ ഷംസുദ്ദീന്‍റെയും ഹഫ്സാബിയുടെയും മകനാണ് ഷിനോജ്. തുടർച്ചയായ മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. നാദിയ മുഹമ്മദാണ് ഭാര്യ. മക്കൾ: ഇൻസാഫ് ഷംസുദ്ദീൻ, ഇത്തിഹാദ് മുഹമ്മദ്, ഈലാഫ് ഷിനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.