ഗ്ലോബൽ വില്ലേജിന് വർണാഭ തുടക്കം
text_fieldsദുബൈ: ആഘോഷങ്ങളുടെ ആഗോള സംഗമഭൂമിയായ ദുബൈ ഗ്ലോബൽ വില്ലേജിന് വർണാഭമായ തുടക്കം. ഇനിയുള്ള 180 ദിനങ്ങൾ ദുബൈയിൽ വിനോദങ്ങളുടെ പൊടിപൂരമായിരിക്കും. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് ബുധനാഴ്ച 28ാം സീസണിനായി ആഗോള ഗ്രാമം വീണ്ടും മിഴിതുറന്നിരിക്കുന്നത്.
ആദ്യദിനം ഒഴുകിയെത്തിയ പതിനായിരങ്ങളെ ബാൻഡ് മേളങ്ങളുടെയും വന്യമായ നൃത്തച്ചുവടുകളുടെയും അകമ്പടിയിലാണ് അധികൃതർ സ്വീകരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിനോദങ്ങളും ആകർഷണങ്ങളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഏപ്രിൽ 28വരെ സീസൺ നീണ്ടുനിൽക്കും. ദിവസവും വൈകീട്ട് നാലു മുതൽ അർധരാത്രിവരെയാണ് നഗരിയിലേക്ക് പ്രവേശനം. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒരുമണിവരെ പ്രവർത്തിക്കും. 3,500ലധികം ഷോപ്പിങ് ഔട്ട്ലെറ്റുകളും 250ലധികം റസ്റ്റാറന്റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കടകളും വില്ലേജിൽ ഒരുക്കും.
പ്രവേശന ടിക്കറ്റ് നിരക്ക് 22.50 ദിർഹം മുതലാണ് ആരംഭിക്കുന്നത്. സീസൺ 28ന് രണ്ട് തരം ടിക്കറ്റുകളാണുള്ളത്. ആഴ്ചയിലെ ഏത് ദിവസവും സന്ദർശകർക്ക് ഉപയോഗിക്കാനുള്ള സൗകര്യം നൽകുന്ന ‘എനി ഡേ’ ടിക്കറ്റുകൾ ഇത്തവണയും ലഭ്യമാണ്. ഗ്ലോബൽ വില്ലേജ് ആപ് വഴിയോ വെബ്സൈറ്റ് വഴിയോ വാങ്ങുന്ന എൻട്രി ടിക്കറ്റുകൾക്ക് 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികളെ എത്തിക്കുന്നതിനായി ആർ.ടി.എ നാല് റൂട്ടുകളിൽ ബസ് സർവിസ് പുനരാരംഭിക്കും. ഓരോ മണിക്കൂർ ഇടവിട്ട് ബസ് സർവിസുണ്ടാകും. റാശിദിയ സ്റ്റേഷൻ, അൽ ഇത്തിഹാദ് സ്റ്റേഷൻ, അൽ ഗുബൈബ സ്റ്റേഷൻ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷൻ എന്നിങ്ങനെ നാലു ബസ് സ്റ്റേഷനുകളിൽനിന്നാണ് സർവിസ് ആരംഭിക്കുക.
അൽ ഇത്തിഹാദ് സ്റ്റേഷനിൽനിന്ന് 40 മിനിറ്റ് ഇടവേളകളിലും റാശിദിയ, അൽ ഗുബൈബ, മാൾ ഓഫ് എമിറേറ്റ്സ് സ്റ്റേഷനുകളിൽനിന്ന് ഓരോ മണിക്കൂർ ഇടവിട്ടും ബസ് സർവിസ് ഉണ്ടായിരിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. സിംഗിൾ ട്രിപ്പിന് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഡീലക്സ് കോച്ചുകളും സർവിസിന് ഉപയോഗിക്കും.ലക്ഷക്കണക്കിന് കുടുംബ സന്ദർശകർ ഓരോ വർഷവും എത്തിച്ചേരുന്ന ഗ്ലോബൽ വില്ലേജ് 1997ലാണ് ആരംഭിച്ചത്. 90 ലക്ഷത്തിലേറെ പേരാണ് കഴിഞ്ഞ സീസണ് സന്ദര്ശിച്ചത്. കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് കണക്കിലെടുത്താണ് ഇത്തവണ ഒരാഴ്ച നേരത്തേ ആഗോളഗ്രാമം സജീവമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.