രണ്ടാം പാദത്തിൽ 3.6 ശതമാനം വളർച്ച നേടി ദുബൈ
text_fieldsദുബൈ: ലോകത്തെ ഊർജസ്വലമായ സമ്പദ്വ്യവസ്ഥയാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് ദുബൈ. ഈ വർഷം രണ്ടാം പാദത്തിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ പുറത്തുവന്നപ്പോൾ എമിറേറ്റ് കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റം. ആദ്യ ആറു മാസത്തെ ആകെ വളർച്ച 3.2 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗതാഗത, സംഭരണ മേഖലകളാണ് മറ്റെല്ലാ വ്യവസായങ്ങളെയും പിന്തള്ളി വലിയ വളർച്ച കൈവരിച്ചത്. 10.5 ശതമാനമാണ് ഈ മേഖലകൾ കൈവരിച്ച നേട്ടമെന്ന് സർക്കാർ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. കര, സമുദ്ര, വ്യോമ ഗതാഗതവും ലോജിസ്റ്റിക്സ് രംഗവും ഉൾപ്പെടുന്ന ഈ മേഖല ആകെ വളർച്ചയുടെ 42.8 ശതമാനമാണ് സമ്പദ്വ്യവസ്ഥക്ക് സംഭാവന ചെയ്തത്. ഇതുവഴി 3140 കോടി ദിർഹം എമിറേറ്റിലേക്ക് ഒഴുകി.
2023ന്റെ ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ വിമാനക്കമ്പനികൾ 56 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. യാത്ര വർധിച്ചതിൽനിന്ന് വ്യോമഗതാഗത മേഖല പ്രയോജനം നേടിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമാന്തരമായി എമിറേറ്റിലെ ഹോട്ടൽ, ഭക്ഷ്യസേവന മേഖലയും 2023ലെ ആദ്യ ആറു മാസങ്ങളിൽ 9.2 ശതമാനം വികസിച്ചു. സമ്പദ്വ്യവസ്ഥയിൽ 790 കോടി ദിർഹമാണ് ഇതുവഴി എത്തിയത്. റിയൽ എസ്റ്റേറ്റ് മേഖലയും ശക്തമായ വളർച്ചയുടെ പാതയിലാണ്. 3.6 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.
ദുബൈയുടെ അതിവേഗ വളർച്ച തുടർച്ചയായി മികച്ച നിക്ഷേപ അന്തരീക്ഷം ഒരുക്കി ജനങ്ങളിൽ വിശ്വാസമർപ്പിച്ച രാജ്യത്തിന്റെ നയത്തിന്റെ സ്വാഭാവികമായ നേട്ടമാണെന്ന് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. അടുത്ത പതിറ്റാണ്ടിനിടയിൽ മൊത്ത ആഭ്യന്തര വരുമാനം ഇരട്ടിയാക്കാനുള്ള ഡി33 പദ്ധതിക്ക് അനുയോജ്യമായ നിലയിലും എമിറേറ്റിനെ ലോകത്തെ ഏറ്റവും വലിയ മൂന്നു നഗര സമ്പദ്വ്യവസ്ഥകളിൽ ഒന്നായി വികസിപ്പിക്കാനുള്ള ലക്ഷ്യത്തിന്റെ പാതയിലുമാണ് മുന്നേറ്റമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.